ADVERTISEMENT

വടക്കാഞ്ചേരി ∙ വാഴക്കോട്ടെ റബർ തോട്ടത്തിൽ കാട്ടാനയെ കൊന്നു കുഴിച്ചുമൂടുകയും കൊമ്പു കടത്തുകയും ചെയ്ത കേസിൽ തോട്ടം ഉടമ മണിയൻചിറ റോയ് അടക്കം മുഖ്യപ്രതികൾ വൈകാതെ കീഴടങ്ങിയേക്കുമെന്നു സൂചന. മുൻകൂർ ജാമ്യത്തിനു സാധ്യതയില്ലെന്നും ഒളിവുജീവിതം അവസാനിപ്പിച്ചു കീഴടങ്ങലല്ലാതെ മാർഗമില്ലെന്നും പ്രതികൾക്കു നിയമോപദേശം ലഭിച്ചെന്നാണു സൂചന. അന്വേഷണ സംഘത്തിനു മുന്നിൽ നേരിട്ടു കീഴടങ്ങുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്യാനാണു സാധ്യത. അതേസമയം, കൊമ്പു വിൽപനയ്ക്കടക്കം സഹായവുമായി നിന്ന മറ്റു പ്രതികളുടെ കാര്യത്തിൽ വിവരമൊന്നുമില്ല. കേസിൽ എറണാകുളം പട്ടിമറ്റത്തു നിന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതി പട്ടിമറ്റം സ്വദേശി വിനയനെ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. 

മുറിച്ച ആനക്കൊമ്പുമായി നേരത്തെ പിടിയിലായ പ്രതി അഖിലിനൊപ്പം കാറിൽ യാത്ര ചെയ്തതു വിനയനാണെന്നു ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ചേലക്കര പരക്കാടുള്ള കരിങ്കൽ ക്വാറിയിലും വിനയൻ അഖിലുമൊത്തു താമസിച്ചിരുന്നു എന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ വിനയനെ പരക്കാട് എത്തിച്ചും തെളിവെടുത്തു. മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 

ഫോറസ്റ്റ് വിജിലൻസ് വിഭാഗത്തിലെ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജി.പ്രമോദ് കൃഷ്ണൻ കാട്ടാനയെ കുഴിച്ചു മൂടിയ സ്ഥലം ഇന്നലെ സന്ദർശിച്ചു. അന്വേഷണം ശാസ്ത്രീയമായ രീതിയിലാണു പുരോഗമിക്കുന്നതെന്നും വൈകാതെ മുഴുവൻ പ്രതികളും പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. സംഭവത്തിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിച്ചതായാണു സൂചനയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ടു പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com