ADVERTISEMENT

ചാവക്കാട്∙ കോടതി സമുച്ചയം നിർമാണോദ്ഘാടനം 29ന് വൈകിട്ട് 4.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഹൈക്കോടതി ജഡ്ജി പി.ബി.സുരേഷ് കുമാർ തറക്കല്ലിടും. എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. 37.9 കോടി രൂപ ചെലവിൽ 50084 ചതുരശ്ര അടിയിൽ അഞ്ച് നിലകളിൽ ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിക്കുന്നത്. ജെഎഫ്സിഎം കോടതി, പോക്സോ കോടതി, മുൻസിഫ് കോടതി, സബ് കോടതി എന്നിവ ഉൾക്കൊള്ളുന്ന രീതിയിലാണ് കെട്ടിടം രൂപകൽപന ചെയ്തിട്ടുള്ളത്. ബാർ അസോസിയേഷൻ ഹാൾ, ക്ലാർക്ക് അസോസിയേഷൻ ഹാൾ എന്നിവയുമുണ്ട്.മലപ്പുറം മഞ്ചേരിയിൽ നിർമാൺ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല.

2025 ജനുവരിയിൽ കെട്ടിട നിർമാണം പൂർത്തീകരിക്കുകയാണ്  ലക്ഷ്യം. 135 വർഷം പഴക്കമുള്ള ചാവക്കാട് കോടതി ബ്രിട്ടിഷുകാരാണ് നിർമിച്ചത്. കേരള ഹൈക്കോടതിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള നാലേക്കർ സ്ഥലത്താണ് നിലവിൽ കോടതി. കോടതി അങ്കണത്തിൽ മജിസ്ട്രേട്ട്, മുൻസിഫ്, സബ് കോടതികൾ പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടത്തിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. താലൂക്കിലെ മുഴുവൻ വില്ലേജുകളും കുന്നംകുളം താലൂക്കിലെ 11 വില്ലേജുകളും ഉൾപ്പെടുന്ന മലപ്പുറം ജില്ലാ അതിർത്തിവരെ ചാവക്കാട് കോടതിയുടെ അധികാര പരിധിയുണ്ട്. ഗുരുവായൂർ ഉൾപ്പെടെ അഞ്ച് പൊലീസ് സ്റ്റേഷനുകളും ചാവക്കാട് കോടതിയുടെ പരിധിയിലാണ്.

സംസ്ഥാനത്ത് ഏറ്റവും അധികം സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന കോടതികളിലൊന്നാണ് ചാവക്കാട്. കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതും ഇൗ കോടതിയിലാണ്.മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ കേസുകളും കുടുംബ കേസുകളും കൂടുതൽ ഫയൽ ചെയ്തതും ഇവിടെയാണ്. ഇൗ രണ്ട് കോടതികളും തൃശൂരിലായതിനാൽ പല കേസുകളും തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ട്. കേസുകൾ കൂടുതലായതിനാൽ അപ്പീലുകൾ ഫയൽ ചെയ്യുന്നത് തൃശൂർ കോടതിയിലാണ്. അതിനാൽ എംഎസിടി, കുടുംബ കേസുകളും തീർപ്പാക്കാൻ പൊതുജനങ്ങൾ 35 കിലോമീറ്റർ അകലെയുള്ള തൃശൂർ കോടതിയെയാണ് ആശ്രയിക്കുന്നത്. പുതിയ കോടതി കെട്ടിടം നിർമിക്കുന്നതോടെ മുഴുവൻ കോടതികളും ഇവിടെ പ്രവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com