ADVERTISEMENT

മലക്കപ്പാറ ∙ ട്രൈബൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസിന്റെ സേവനം ലഭിക്കാതെ ആദിവാസികൾ ദുരിതത്തിൽ. അറ്റകുറ്റപ്പണികൾ മുടങ്ങിയ വാഹനം മാസങ്ങളായി തകരാറിലായിരുന്നു. ഡ്രൈവർ അപകടത്തിൽപ്പെട്ട് ചികിത്സയിലായതോടെ ആംബുലൻസിന്റെ പ്രവർത്തനം പാടെ നിലച്ചു. ഇതോടെ ആദിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം  കിട്ടാതെ ചികിത്സ വൈകുന്നതായി പറയുന്നു. 

മേഖലയിലെ 13 ആദിവാസി ഊരുകളിലെ താമസക്കാരുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ട്രൈബൽ വകുപ്പ് വാഹനം ഏർപ്പെടുത്തിയത്. ആംബുലൻസിന്റെ തകരാർ പരിഹരിക്കുന്നതു വരെയുള്ള കാലയളവിൽ രോഗികൾക്ക് ആശുപത്രിയിൽ എത്തുന്നതിനുള്ള ടാക്സി കൂലി ട്രൈബൽ വകുപ്പ് നൽകുമെന്ന് ടി ഇ ഒ അറിയിച്ചു.

മലക്കപ്പാറയിൽ നിന്നും പ്രവർത്തനം ആരംഭിക്കുന്ന ആംബുലൻസിന്റെ സേവനം വാച്ചുമരം ഭാഗം വരെയുള്ള ആദിവാസി ഊരുകളിൽ ലഭിക്കും.3 വർഷം മുൻപാണ് ആദിവാസി മേഖലയിലേക്കു മാത്രമായി ആംബുലൻസ് അനുവദിച്ചത്. മഴക്കാലങ്ങളിൽ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യതയുള്ളതിനാൽ ആംബുലൻസ് സേവനം ഉറപ്പു വരുത്തണമെന്ന് ആദിവാസികൾ ആവശ്യപ്പെടുന്നു.

ട്രൈബൽ വകുപ്പ് നൽകിയ ആംബുലൻസ് കട്ടപ്പുറത്തായതോടെ പൊലീസ്,108 തുടങ്ങിയ  സർവിസുകളാണ്  ആദിവാസികൾ ആശ്രയിക്കുന്നത്. ഏതാനും ദിവസം മുൻപ് അരയക്കാപ്പ് ഊരിലെ പാമ്പു കടിയേറ്റ യുവതിയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ബീരാൻകുടി ഊരിലെ പൊള്ളലേറ്റ യുവതിയെ മലക്കപ്പാറ പൊലീസ് ആംബുലൻസിൽ പകുതി ദൂരം കൊണ്ടുവന്ന ശേഷം അതിരപ്പിള്ളിയിൽ നിന്നെത്തിയ 108 ആംബുലൻസിൽ  കയറ്റിയാണ് ചാലക്കുടിയിൽ എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com