ADVERTISEMENT

ചേർപ്പ് ∙ കാർഗിൽ യുദ്ധത്തിനു മുൻപേ സൈനികസേവനം അവസാനിപ്പിച്ചെങ്കിലും പാക്കിസ്ഥാനുമായുള്ള മറ്റൊരു യുദ്ധത്തിൽ മുന്നിൽ നിന്നു പോരാടിയതിന്റെ ജ്വലിക്കുന്ന ഓർമകളിലാണ് അവിണിശേരി പാലിശേരി തുമ്പയിൽ നാണു. പട്ടാളത്തിൽ ചേർന്ന അതേ വർഷം, തന്റെ 18ാം വയസ്സിലും പിന്നെ 6 വർഷത്തിനു ശേഷം 1971ലും പാക്കിസ്ഥാനുമായി നടന്ന 2 യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട് നാണു. 

1965ൽ 18-ാം വയസ്സിൽ നീലഗിരിയിൽ മദ്രാസ് റജിമെന്റിൽ ശിപായി ആയാണ് നാണു പട്ടാളസേവനം ആരംഭിക്കുന്നത്. ജോലിക്കു ചേർന്നയുടൻ പോകേണ്ടി വന്നത് പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്. എന്നാൽ ഈ യുദ്ധം പെട്ടെന്ന് അവസാനിച്ചതിനാൽ അന്ന് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ലെന്ന് നാണു. 1971ൽ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധം ആരംഭിച്ചു. ഡിസംബർ 3 മുതൽ 17 വരെ നീണ്ടുനിന്ന ഈ യുദ്ധത്തിന്റെ തുടക്കം മുതൽ സജീവമായി പങ്കെടുത്തു.

മെഷീൻ ഗൺ ഓപ്പറേറ്ററായിരുന്ന നാണുവും നാന്നൂറോളം വരുന്ന ബറ്റാലിയനും അന്ന് രാജസ്ഥാൻ ബാഡ്മേർ ഭാഗത്ത് നിന്ന് 13 ദിവസം കൊണ്ട് ഓരോ പ്രദേശം പിടിച്ചടക്കി 265 കിലോമീറ്റർ ദൂരം പാക്കിസ്ഥാനിലേക്കു കയറിപ്പോയി. 7 ദിവസത്തെ ഭക്ഷണമാണ് അന്ന് കയ്യിൽ ഉണ്ടായിരുന്നത്. മരുഭൂമിയായതിനാലും റേഷൻ വിതരണം തടസ്സപ്പെട്ടതിനാലും ഉണങ്ങിയ ചപ്പാത്തിയുടെ പകുതി വീതം കഴിച്ചും വഴിയിൽ കാണുന്ന കിണറുകളിൽ നിന്ന് വെള്ളം കുടിച്ചും രാവും പകലും നടന്നാണ് ഇവർ ഇത്രയും ദൂരം പിടിച്ചെടുത്തത്.

ഇതിനിടെ രൂക്ഷമായ വെടിവയ്പിൽ ഒട്ടേറെ പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ഭാഗത്തും ആൾനാശമുണ്ടായി. പാക്കിസ്ഥാനിലെ ഉമർകോഡ്, നയാചോർ പ്രദേശങ്ങൾ ഇന്ത്യൻ സൈന്യം പിടിച്ചടക്കി. 17ന് രാവിലെ യുഎന്നിന്റെ ഭാഗത്തു നിന്നു വെടിനിർത്തൽ ഉത്തരവ് വന്നു. നാണുവും സംഘവും എത്തിച്ചേർന്ന പാക്കിസ്ഥാന്റെ പ്രദേശത്ത്  ബങ്കർ കുത്തി, സ്ഥലം വിട്ടുനൽകാതെ 8 മാസം അവിടെത്തന്നെ തുടർന്നു. അവസാനം സൈന്യത്തിന്റെ ഉത്തരവ് വന്നതിനെ തുടർന്നാണ് നാണുവടങ്ങുന്ന 18ാം മദ്രാസ് റജിമെന്റ് ബറ്റാലിയൻ തിരികെ അതിർത്തിയിലേക്കു മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com