ADVERTISEMENT

ചാലക്കുടി ∙ ജീവിത സായാഹ്നത്തിൽ സാക്ഷരതാ ക്ലാസിൽ പോയി പഠിപ്പിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ 88-ാം വയസ്സിൽ സത്യദാസ് സാക്ഷരതാ ക്ലാസിൽ പോകുന്നതു പഠിക്കാനല്ല, പഠിപ്പിക്കാനാണ്. വെള്ളാഞ്ചിറ ഷോളയാർ സ്വദേശി മംഗലത്ത് സത്യദാസ് 9 വർഷമായി ചാലക്കുടി ഗവ.ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ പത്താം തരം തുല്യതാ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർഥികൾക്കു ഹിന്ദി പഠിപ്പിക്കുകയാണ്.

ബിഎഡ് ഹിന്ദി ബിരുദധാരിയായ ഇദ്ദേഹം ആറു പതിറ്റാണ്ടായി അധ്യാപന രംഗത്തുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ വിദ്യാലയങ്ങളിൽ ഹിന്ദി അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം 1991ൽ വിരമിച്ചു. തുടർന്ന് ചാലക്കുടി ഹിന്ദി വിദ്യാലയത്തിലെ അധ്യാപകനായും പ്രവർത്തിച്ചു. 2014 ലാണു സാക്ഷരതാ ക്ലാസിലെ അധ്യാപകനായി എത്തുന്നത്. ജോലിയിൽ നിന്നു വിരമിച്ചാൽ വിശ്രമ ജീവിതത്തിലേക്കു പ്രവേശിക്കുന്ന ബഹുഭൂരിപക്ഷം സർക്കാർ ജോലിക്കാർക്കുമിടയിൽ വേറിട്ട മുഖമാകുകയാണ് ഈ മാഷ്. പ്രായം മറന്നു പഠിക്കാനെത്തിയ വിദ്യാർഥികൾക്കൊപ്പം ചേരുമ്പോൾ സത്യദാസ് മാഷിനും പ്രായം  പ്രശ്നമല്ല. ഇവിടെ പത്താം തരം തുല്യതാ പരീക്ഷയ്ക്കായി ഒരുങ്ങുന്നത് 37 പേരാണ്. 

ഇവരിൽ 17 വയസ്സു മുതൽ 55 വയസ്സു വരെ പ്രായക്കാരുണ്ട്. സർക്കാർ ജീവനക്കാർ മുതൽ റെയിൽവേ ജീവനക്കാർ വരെ പഠിതാക്കളുടെ കൂട്ടത്തിലുണ്ട്. വിവിധ കാരണങ്ങളാൽ പഠനം പൂർത്തികരിക്കാൻ കഴിയത്തവരാണു പഠിതാക്കളായുള്ളത്.ഇന്നലെ നടന്ന ഓണാഘോഷ പരിപാടിയിൽ നഗരസഭ കൗൺസിലർ വി.ജെ. ജോജി, അധ്യാപികമാരായ ഫാത്തിമ, പി.ഡി. മിനി, പ്രേരകുമാരായ അനിത കൃഷ്ണൻ, പി.കെ. മനോജ് എന്നിവരുടെ സാന്നിധ്യത്തിൽ സത്യദാസിനെ ആദരിച്ചു. ഉപഹാരവും നൽകി.

English Summary: At 88, Satya Das attends literacy classes; Not to learn, but to teach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com