തൃശൂർ ∙ റോഡ് തകർച്ചയും യാത്രാ സൗകര്യത്തിന് ആവശ്യത്തിനു സ്വകാര്യ ബസുകളും ഇല്ലാതെ ദുരിതത്തിലായി നഗരത്തിനു സമീപമുള്ള നെട്ടിശ്ശേരി മേഖലയിലെ നിവാസികൾ. നെട്ടിശ്ശേരി–കുറ്റുമുക്ക് റോഡ് തകർന്നിട്ടു മാസങ്ങളായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതോടൊപ്പം നിശ്ചിത സമയത്തിനു ശേഷം മണ്ണുത്തി–നെട്ടിശ്ശേരി വഴി ബസ് സർവീസ് ഇല്ലാത്തതും പ്രദേശവാസികൾക്കു ദുരിതമായി മാറിയിരിക്കുകയാണ്.
മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര ഭാഗത്തു നിന്നു രാമവർമപുരത്തേക്കും തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ജനങ്ങൾ ആശ്രയിക്കുന്ന റോഡാണു നെട്ടിശ്ശേരി–കുറ്റുമുക്ക് റോഡ്. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു റോഡിന്റെ ഒരു ഭാഗം മാസങ്ങൾക്കു മുൻപു പൊളിച്ചിരുന്നു. എന്നാൽ പൈപ്പിടൽ പൂർത്തിയായിട്ടും ഇതുവരെ അറ്റകുറ്റപ്പണിയോ ടാറിങ്ങോ നടത്തിയിട്ടില്ല.
ടാറിങ് പൊളിച്ച ഭാഗത്തു കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകട ഭീഷണിയായിട്ടുണ്ട്. നെട്ടിശ്ശേരിയിലെ ഒരു കിലോമീറ്റർ ഭാഗത്താണു റോഡ് ഏറ്റവുമധികം തകർന്നത്. നെട്ടിശ്ശേരി ക്ഷേത്രം, മരിയ റോഡ് ഗാർഡൻസ് റസിഡന്റ്സ്, മഴവിൽ നഗർ റസിഡന്റ്സ് തുടങ്ങിയ ഭാഗങ്ങളിൽ റോഡ് പൂർണമായി തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കോർപറേഷനിലെ 10, 16 ഡിവിഷനുകളിലുൾപെടുന്ന റോഡാണിത്.
ആകെ 2 ബസുകൾ മാത്രം
തൃശൂരിൽ നിന്നു മണ്ണുത്തി വഴി നെട്ടിശ്ശേരി വരെ 2 ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. വടക്കേ സ്റ്റാൻഡിൽ നിന്നു തുടങ്ങുന്ന സർവീസുകൾ അവസാനിക്കുന്നത് നെട്ടിശ്ശേരി സെന്ററിലാണ്. തുടർന്ന് തിരികെ മണ്ണുത്തി വഴി തൃശൂരിലേക്കും സർവീസ് നടത്തും. രാത്രി ഇവിടേക്കു നേരിട്ടു ബസുകൾ ഇല്ല. തൃശൂരിൽ നിന്നു മണ്ണുത്തി വഴി മുക്കാട്ടുകരയിലേക്കുള്ള ബസുകളെയാണു നെട്ടിശ്ശേരിയിലെത്താൻ രാത്രി പ്രദേശവാസികൾ ആശ്രയിക്കുന്നത്. നഗരത്തോടു ചേർന്നു ജനസാന്ദ്രതയുള്ള നെട്ടിശ്ശേരി കേന്ദ്രീകരിച്ച് കൂടുതൽ ചെറു ബസ് സർവീസുകൾ നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
നെട്ടിശ്ശേരി–കുറ്റുമുക്ക് റോഡ് പൂർത്തിയായതോടെ ഇതുവഴി സർക്കുലർ ബസുകൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നിലവിലുള്ള ബസുകൾ തന്നെ തന്നെ കുറ്റുമുക്ക്, ചേറൂർ വഴിയോ കുറ്റുമുക്ക്–വില്ലടം–രാമവർമപുരം വഴിയോ തൃശൂരിലേക്കു നീട്ടണമെന്നാണു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
നെല്ലങ്കര വഴിയും ബസുകൾ കുറവ്
നെല്ലങ്കര ∙ നഗരത്തോടു ചേർന്നുള്ള നെല്ലങ്കര മേഖലയിലെ ജനങ്ങളും ബസ് സർവീസുകളുടെ കുറവിൽ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. ഉച്ച സമയങ്ങളിലാണു ബസ് സർവീസ് തീരെ കുറവ്. തിരക്കേറിയ രാവിലെയും വൈകുന്നേരവും സർവീസുകളുണ്ടെന്നു നാട്ടുകാർ പറയുന്നു. തൃശൂർ വടക്കേ സ്റ്റാൻഡിൽ നിന്നു കിഴക്കേക്കോട്ട സെന്റ് ക്ലെയേഴ്സ് സ്കൂളിനു സമീപത്തൂടെ കിഴക്കുംപാട്ടുകര, പറവട്ടാനി, മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര എന്നിങ്ങനെയാണു ഇതുവഴിയുള്ള സർവീസ്. തിരക്കേറിയ സമയങ്ങളിൽ പിന്നാലെ പിന്നാലെ സർവീസുകളുണ്ട്. എന്നാൽ ഉച്ചയ്ക്കു ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
കോവിഡ് മഹാമാരിക്കു മുൻപായി ആവശ്യത്തിനു ബസ് സർവീസുകൾ ഇതുവഴി ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കോവിഡ് കാലത്തു ഇരുചക്രവാഹനം അടക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കൂടി. കോവിഡിനു ശേഷവും ഇതു തുടർന്നതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞു. ഇതാണു തിരിച്ചടിയായത്. രാത്രി നെല്ലങ്കരയിലേക്കു നേരിട്ടു ബസില്ലാത്തതു തൃശൂർ നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്കു ദുരിതമായി മാറിയിട്ടുണ്ട്. രാത്രി തൃശൂർ–മാടക്കത്തറ ഭാഗത്തേക്കുള്ള ബസുകളെയാണു നെല്ലങ്കരയിലെത്താൻ യാത്രക്കാർ ആശ്രയിക്കുന്നത്.
20 വർഷത്തിലേറെയായി നെല്ലങ്കരയിൽ വ്യാപാരിയാണു ഞാൻ. കോവിഡ് കാലത്തിനു ശേഷം വിവിധ ആവശ്യങ്ങൾക്കായി ഉച്ച സമയത്ത് ഇവിടെ എത്തുന്നവർ മണിക്കൂറുകൾ ബസിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. കാത്തിരുന്ന മടുക്കുന്നവരിൽ ചിലർ ഓട്ടോയെ ആശ്രയിക്കും. ചിലർ പറവട്ടാനിയിലെത്തി പോകും. ’’
-കെ.എസ്. സുധീഷ്, വ്യാപാരി
ബസുകളിൽ യാത്ര ചെയ്യുന്നവുടെ എണ്ണം നന്നേ കുറഞ്ഞു. 30 വർഷത്തോളമായി മേഖലയിലെ ഓട്ടോ ഡ്രൈവറാണു ഞാൻ. ഇപ്പോൾ അതിഥി തൊഴിലാളികൾ മാത്രമാണു കൂടുതലായി ബസുകളെ ആശ്രയിക്കുന്നത്. കോവിഡിനു മുൻപ് പത്തിലേറെ ബസുകൾ ഇതുവഴി സർവീസ് ഉണ്ടായിരുന്നു. ഇപ്പോൾ ഏഴോളം ബസുകൾ മാത്രമേ ഉള്ളൂ ’’
-ബിജു ജോൺ, ഓട്ടോ ഡ്രൈവർ