അരിമ്പൂർ∙ എൻഐഡി റോഡ് ഓളംതല്ലിപ്പാറ സെന്ററിനു സമീപം ഒറ്റയ്ക്കു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കടലൂർ കാട്ടുമനക്കോവിൽ കാട്ടുമന്നാർക്കുടി സന്തത്തോപ്പു തെരുവ് സ്വദേശിയായ ആദിത്യന്റെ (41) നെഞ്ചിലും തോളിലും ഉൾപ്പെടെ 10 കുത്തുകൾ ഏറ്റിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച രാവിലെയാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
കട്ടിലിനടിയിൽ മദ്യക്കുപ്പിയും വലിയ വാക്കത്തിയും ഉണ്ടായിരുന്നു. വീട്ടിൽ നിന്നു നിലവിളി കേട്ടിട്ടില്ലെന്നു പരിസരവാസികൾ പറയുന്നു. ഏതാനും ദിവസങ്ങളായി ആദിത്യനെ പുറത്തുകണ്ടിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞു പൊലീസ് നായ എത്തിയെങ്കിലും മഴയായതിനാൽ പരിശോധിക്കാനായില്ല. വീട്ടിൽ വന്നുപോയവരെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്.
വർഷങ്ങളായി അരിമ്പൂരിലും പരിസര പ്രദേശങ്ങളിലുമാണ് ആദിത്യൻ താമസിച്ചിരുന്നത്. ഏതാനും വർഷം മുൻപ് അമ്മ വാഹനാപകടത്തിൽ മരിച്ച ശേഷം തനിച്ചായിരുന്നു. ഭാര്യയും മക്കളുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവർ സ്ഥലത്തെത്തി.