കുന്നംകുളം ∙തുണിക്കട കുത്തിത്തുറന്ന് 5 ലക്ഷത്തോളം രൂപ കവർന്നു. പട്ടാമ്പി റോഡിലെ കേരള വസ്ത്രാലയം എന്ന സ്ഥാപനത്തിൽ ഞായറാഴ്ച രാത്രിയാണ് മോഷണം. മൂന്നാം നിലയിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. എയർകണ്ടീഷണറിന്റെ വിൻഡോ തകർത്തനിലയിലാണ്. താഴത്തെ ഓഫിസ് മുറി, രണ്ടാം നിലയിലെ വസ്ത്രങ്ങൾ എന്നിവ വാരിവലിച്ചിട്ടു. സമീപത്തെ കടകളിലും മോഷണശ്രമം ഉണ്ടായി. സമീപത്തെ പലചരക്ക് കടയുടെ ഓട് തകർത്ത് അകത്തുകടന്ന മോഷ്ടാവിന്റെ വ്യക്തമായ ചിത്രം ഇവിടത്തെ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചു.
വസ്ത്രാലയത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തിപ്പിച്ചിരുന്നില്ല. ഞായർ രാത്രി പത്തോടെയാണ് ജീവനക്കാർ കട പൂട്ടി പോയത്. ഇന്നലെ രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പട്ടണത്തിലെ മറ്റൊരു വസ്ത്രശാലയിൽ ഈയിടെ ഷോട്ട് സർക്യൂട്ട് കാരണം തീപിടിത്തമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇവിടെ സിസിടിവി പ്രവർത്തിപ്പിക്കാതിരുന്നതെന്നു പറയുന്നു. പൊലീസ് ഡോഗ് സ്ക്വാഡ് അടക്കമുള്ളവർ അന്വേഷണത്തിനെത്തി.