ADVERTISEMENT

തൃശൂർ∙ വിഭാഗീയതയ്ക്കു ശേഷം ജില്ലയിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയിൽ അണികളോടു മറുപടി പറയാനാകാതെ സിപിഎം അമ്പരന്നു നിൽക്കുന്നു. കേന്ദ്ര ഗൂഢാലോചന, സഹകരണരംഗം പിടിച്ചടക്കൽ, കോൺഗ്രസ്–ബിജെപി ബന്ധം എന്നിങ്ങനെ പലതും പറയാമെങ്കിലും കരുവന്നൂരിൽനിന്നു മോഷ്ടിച്ച പണം എന്നു പാവപ്പെട്ട നിക്ഷേപകർക്കു തിരിച്ചു കിട്ടുമെന്ന ചോദ്യത്തിനു മറുപടി പറയാനാകുന്നില്ല. മന്ത്രി ആർ. ബിന്ദുവിന്റെ മണ്ഡലത്തിലെ വോട്ടർമാരാണു പാർട്ടി നേതാക്കളാൽ പറ്റിക്കപ്പെട്ടവരിൽ നല്ലൊരു ശതമാനവും എന്നതു സിപിഎം ചെന്നുപെട്ട കുരുക്ക് വ്യക്തമാക്കുന്നു.

2002ൽ കെ.കെ. മാമക്കുട്ടിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു വിഭാഗീയതയിലൂടെ പുറത്താക്കിയിരുന്നു. ജില്ലാ സമ്മേളനത്തിൽ വിഭാഗീയത ഉണ്ടായില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് അന്നു ചെയ്തത്. പക്ഷേ 10 മാസത്തിനു ശേഷം വിഭാഗീയത ഉണ്ടെന്നു കണ്ടെത്തി സെക്രട്ടറി കെ.പി.അരവിന്ദാക്ഷനെയും ജില്ലാ കമ്മിറ്റിയെയും പിരിച്ചുവിട്ടു. ജില്ലയിൽ സിപിഎമ്മിനു കഷ്ടകാലം തുടങ്ങിയത് അതിനു ശേഷമാണ്. തുടർന്ന് ഇ.പി.ജയരാജൻ ജില്ലയുടെ ചുമതലയേറ്റതോടെ പാർട്ടിയുടെ സ്വഭാവംതന്നെ മാറി.

പാർട്ടിയുമായി വലിയ ബന്ധമില്ലാത്തവർ കാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങി. തുടർന്നു ബേബി ജോൺ ചുമതലയേറ്റപ്പോഴേക്കും പല തലത്തിലും അച്ചടക്കം കെട്ടഴിഞ്ഞുപോയിരുന്നു. വൻകിടക്കാരായ പലരും പാർട്ടി പ്രാദേശിക ഘടകങ്ങളെ നിയന്ത്രിക്കാൻ തുടങ്ങി. 2018 മുതൽ കരുവന്നൂരിലും വടക്കാഞ്ചേരിയിലും പാർട്ടി നേതൃത്വത്തെ നിയന്ത്രിച്ചിരുന്നതു വൻ തട്ടിപ്പുകാരായിരുന്നെന്നു ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. സഹകരണ ബാങ്കുകളിലെല്ലാം ഇത്തരക്കാരുടെ സ്വാധീനം പ്രകടമായി.

കരുവന്നൂരിലെ തട്ടിപ്പ് 2018ലാണു പാർട്ടി അറിഞ്ഞത്. തട്ടിപ്പിലെ പ്രധാന പ്രതിയായ പി.സതീഷ്കുമാർ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റേയോ ക്രൈംബ്രാഞ്ചിന്റേയോ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല എന്നതു വ്യക്തമാക്കുന്നതു സ്വാധീനമാണ്. ഡയറക്ടർ ബോർഡിലെ സഖാക്കളെതന്നെ കുരുതി കൊടുത്തു പാർട്ടിയുടെ അന്വേഷണ ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. കെ.രാധാകൃഷ്ണൻ,  എം.എം. വർഗീസ് തുടങ്ങിയവരെല്ലാം അന്നും നേതൃനിരയിലുണ്ടായിരുന്നു. അന്നു നിയന്ത്രിച്ചിരുന്നുവെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. പണം നഷ്ടപ്പെട്ടവരിൽ നല്ലൊരു ശതമാനവും പാർട്ടി അംഗങ്ങളോ അനുഭാവികളോ ആണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

അവർക്കുള്ള മറുപടിപോലും നൽകാനാകുന്നില്ല. പൊലീസിൽ പരാതി നൽകാതിരിക്കാൻ നിക്ഷേപകരുടെ വീടുകളിൽ പോയി അവരെ സമാധാനിപ്പിച്ച ഇരിങ്ങാലക്കുടയിലെ താഴെത്തട്ടിലുള്ള നേതാക്കളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. പണം ഉടൻ നൽകുമെന്നാണ് അന്നു ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ വീടുകളിലെത്തി പറഞ്ഞിരുന്നത്. ഇപ്പോൾ നേതാക്കളുടെ നിരതന്നെ തട്ടിപ്പിൽ പങ്കെടുത്തെന്ന വിവരം പുറത്തു വരികയാണ്. മാത്രമല്ല പാർട്ടി ചതിച്ചെന്നുതന്നെ പലരും പരസ്യമായി പറയുന്നു. സ്വന്തം മണ്ഡലത്തിലെ നിക്ഷേപകരോടു സംസാരിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും മന്ത്രി ആർ. ബിന്ദുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

കരുവന്നൂർ സഹകരണ ബാങ്ക്, എ.സി.മൊയ്തീന്‍ (ഫയൽ ചിത്രങ്ങൾ ∙ മനോരമ)
കരുവന്നൂർ സഹകരണ ബാങ്ക്, എ.സി.മൊയ്തീന്‍ (ഫയൽ ചിത്രങ്ങൾ ∙ മനോരമ)

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്രൈംബ്രാഞ്ച് ഓഫിസ് മാർച്ചിൽ നേരിയ സംഘർഷം. ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച മാർച്ച് എംഒ റോഡിൽ ബിഎസ്എൻഎൽ ഓഫിസിനു സമീപം പൊലീസ് വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും തടഞ്ഞു. വൻ പൊലീസ് സന്നാഹമാണുനിലയുറപ്പിച്ചിരുന്നത്. തുടർന്നു ബാരിക്കേഡുകൾ തള്ളിമാറ്റി മുന്നോട്ടു കയറാൻ ശ്രമിച്ച പ്രവർത്തകർക്കും നേതാക്കൾക്കും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇതോടെ പ്രവർത്തകരും പൊലീസുമായി നേരിയ സംഘർഷമുണ്ടായി.  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ മാർച്ചും പ്രതിഷേധവും ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സംവിധാനത്തിന്റെ ഭാഗമല്ലെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നു ഷാഫി പറമ്പിൽ പറഞ്ഞു. കരുവന്നൂരിലെ യഥാർഥ പ്രതികളെ സംരക്ഷിക്കാൻ കേസന്വേഷണം അട്ടിമറിക്കുകയാണു ക്രൈംബ്രാഞ്ച് ചെയ്തത്.

സിപിഎം നേതാക്കളുടെ സ്വത്തുക്കൾ‍ കണ്ടുകെട്ടി നിക്ഷേപകർക്കു പണം തിരികെ നൽകണമെന്നും ഷാഫി  ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി പി.എൻ. വൈശാഖ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, അഭിലാഷ് പ്രഭാകർ, സജീർ ബാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലിൻ ജോൺ, പി.കെ.ശ്യാംകുമാർ, അനീഷ ശങ്കർ എന്നിവർ പ്രസംഗിച്ചു.

ഡിസിസി പദയാത്ര 29ന്

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയിൽ പ്രതിഷേധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സഹകരണ സംരക്ഷണ പദയാത്ര 29ന്. കരുവന്നൂരിൽ നിന്നു കലക്ടറേറ്റിലേക്കു നടത്തുന്ന പദയാത്ര ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എംപി എന്നിവർ നയിക്കും.

സതീഷിനു വേണ്ടി 9 ആധാരങ്ങൾ തയാറാക്കി: ജോഫി

തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റിലായ പി. സതീഷ് കുമാറിനു വേണ്ടി 9 ഭൂമിയിടപാടുകൾക്കായി ആധാരങ്ങൾ തയാറാക്കി നൽകിയെന്ന് ഇ.ഡി റെയ്ഡിനു വിധേയനായ ആധാരമെഴുത്തുകാരൻ ജോഫി കൊള്ളന്നൂർ പറഞ്ഞു. വഴിവിട്ട ഇടപാടുകളുണ്ടോയെന്ന കാര്യം അറിഞ്ഞിരുന്നില്ല. സതീഷിന്റെ സഹോദരന്റെ പേരിൽ കണ്ണൂരിലും ഭാര്യയുടെ പേരിൽ വെളപ്പായയിലും നടത്തിയ ഭൂമിയിടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. സതീഷിനെ വർഷങ്ങളായി പരിചയമുണ്ട്.

ഏകദേശം 75 ലക്ഷം രൂപയുടെ ഭൂമിയിടപാടുകളുടെ ആധാരങ്ങൾ സതീഷിനു വേണ്ടി തയാറാക്കിയിട്ടുണ്ട്. ഇയാളും സഹോദരനുമാണ് ഓരോ ഇടപാടിനും എത്തിയിരുന്നത്. ആധാരം നടത്തിയതിനു നിയമപ്രകാരമുള്ള ഫീസ് മാത്രമേ വാങ്ങിയിട്ടുള്ളൂ. തന്റെ സ്ഥാപനത്തിൽ 9 മണിക്കൂറാണ് ഇ.ഡി പരിശോധന നടത്തിയതെന്നും ആധാരങ്ങളുടെ കംപ്യൂട്ടർ പതിപ്പുകൾ പിടിച്ചെടുത്തെന്നും ജോഫി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com