അറ്റകുറ്റപ്പണിക്കെത്തിച്ച ടാർ മോഷ്ടിച്ച അഞ്ച് പേർ പിടിയിൽ

Mail This Article
കൊരട്ടി ∙ പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ച റോഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച 10 ബാരൽ ടാർ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ കരാറുകാരനടക്കം 5 പേർ പിടിയിൽ. കോൾക്കുന്ന് പള്ളിയിൽ ശ്രീശാന്ത് (37), കാട്ടിക്കരക്കുന്ന് തെക്കേടത്ത് കിരൺ (29), അഷ്ടമിച്ചിറ വെള്ളോളിൽ ശ്യാം (33), പോട്ട പടിഞ്ഞാറേക്കാരൻ ബിജു (30), വല്ലക്കുന്ന് പള്ളിപ്പാടൻ വിൽസൺ ആന്റണി (55) എന്നിവരെയാണ് എസ്എച്ച്ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്.
മുരിങ്ങൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നിർമാണത്തിനായി പൊളിച്ച ഭാഗങ്ങളുടെ ടാറിങ്ങിനായി എത്തിച്ച ടാർ പ്രതികൾ ഗുഡ്‌സ് ഓട്ടോയിൽ കടത്തുകയും മറ്റൊരു കരാറുകാരനായ വിൽസൺ ആന്റണിക്കു മറിച്ചു വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓരോ വീപ്പ ടാറിനും 10,000 രൂപയോളം വിലയുണ്ട്.
ടാർ നഷ്ടപ്പെട്ടെന്ന കരാറുകാരന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദൃക്‌സാക്ഷികളിൽ നിന്ന് ഗുഡ്‌സ് ഓട്ടോയെക്കുറിച്ചുള്ള സൂചന ലഭിച്ചു. ഇതിനു പുറമേ അടുത്തിടെ പൊലീസ് മുരിങ്ങൂർ അടിപ്പാതയ്ക്കു സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്ന് ടാർ വീപ്പകൾ രാത്രി കൊണ്ടു പോകുന്ന ദൃശ്യവും ലഭിച്ചു. ഒരാൾ കൂടി പിടിയിലാകാനുണ്ട്. എസ്‌ഐമാരായ ഷിഹാബ് കുട്ടശേരി, സജി വർഗീസ്, എഎസ്‌ഐ സി.ടി. ഷിജോ, സീനിയർ സിപിഒമാരായ നാഗേഷ്, പി.എം. നിധീഷ്, പി.കെ. സജീഷ്‌കുമാർ, ജിബിൻ വർഗീസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.