മതുക്കര കോൾപ്പടവിൽ വിരുന്നൂട്ട്

Mail This Article
മുല്ലശേരി ∙ മതുക്കര കോൾപ്പടവിൽ ദേശാടന കിളികളായ സ്പൂൺ ബിൽ കൊക്കുകൾ (ചട്ടുക കൊക്കൻ) വിരുന്നെത്തി. കോൾപ്പാടങ്ങളിൽ വെള്ളം വറ്റിച്ച് കൃഷിയൊരുക്കം തുടങ്ങിയതോടെയാണു പക്ഷികളെത്തിയത്. ഇവയുടെ കൊക്കിന്റെ രൂപം കാരണമാണ് ഇൗ പേര് ലഭിച്ചിട്ടുള്ളത്. തീറ്റ തേടി വെള്ളത്തിലിറങ്ങിയാൽ മുഴുവൻ സമയവും കൊക്ക് വെള്ളത്തിൽ മുക്കി തിരഞ്ഞാണ് ഇര പിടിക്കുന്നത്. ചെറുമീനുകൾ, ഞണ്ടുകൾ, ഞൗഞ്ഞി, പ്രാണികൾ എന്നിവയാണ് തീറ്റ.
6 ഇനങ്ങളിലുള്ള സ്പൂൺ ബില്ലുകളുണ്ടെന്നു വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറും ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിലെ മൾട്ടി മീഡിയ വിഭാഗം അധ്യാപകനുമായ റിജോ ചിറ്റാട്ടുകര പറഞ്ഞു. ആൺകിളികൾ കൊണ്ടുവരുന്ന ചില്ലകൾ ഉപയോഗിച്ച് പെൺകിളികൾ പാടശേഖരത്തിനുടുത്തുള്ള മരങ്ങളിൽ കൂടൊരുക്കും. സ്പൂൺ ബില്ലിനൊപ്പം കഷണ്ടികൊക്ക്, കന്യാസ്ത്രീ കൊക്ക്, കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഐബീസുകളും കോൾപ്പാടങ്ങളിൽ സഞ്ചാരികൾക്ക് കാഴ്ചയൊരുക്കുന്നുണ്ട്.