ചാലക്കുടി അടിപ്പാതയിലും മേല്പാതയിലും തെരുവു വിളക്കുകള് പ്രകാശിച്ചു

Mail This Article
ചാലക്കുടി ∙ദേശീയപാതയിൽ നഗരസഭ ജംക്‌ഷനു സമീപം നിർമാണം പൂർത്തിയാക്കിയ അടിപ്പാതയിലും മേൽപാതയിലും തെരുവു വിളക്കുകൾ തെളിഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ജനകീയ ഉദ്ഘാടനം നടത്തി മേൽപാത ഗതാഗതത്തിനായി പൂർണ സജ്ജമാക്കിയിരുന്നെങ്കിലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതു വൈകുകയായിരുന്നു. 4 ദിവസം മുൻപു കെഎസ്ഇബി കണക്‌ഷൻ നൽകി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ സന്ധ്യയ്ക്കാണു വിളക്കുകൾ തെളിച്ചത്.സനീഷ്കുമാർ ജോസഫ് എംഎൽഎ സ്വിച്ച് ഓൺ നിർവഹിച്ചു.
നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ദീപു ദിനേശ്, സൂസമ്മ ആന്റണി,സൂസിസുനിൽ,നഗരസഭ കൗൺസിലർമാരായ നിത പോൾ, ലിബി ഷാജി, പ്രീതി ബാബു, വത്സൻ ചമ്പക്കര, നിർമാണ കരാർ കമ്പനിയായ ഇകെകെ ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡ് ഓപ്പറേഷൻസ് മാനേജർ കെ.എ. അജീഷ്, പ്രോജക്ട് എൻജിനീയർ അനസ് മുഹമദ് എന്നിവർ പ്രസംഗിച്ചു.
മേൽപാതയിൽ ഇരുഭാഗത്തും 34 വിളക്കു കാലുകളിലായി 68 വിളക്കുകൾ സ്ഥാപിച്ചു. ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കുമായി ഓരോ കാലിലും രണ്ടു വിളക്കുകൾ വീതമാണു ഘടിപ്പിച്ചത്. അടിപ്പാതയ്ക്കകത്തു 4 വിളക്കുകളും സ്ഥാപിച്ചു. ടൈമർ സ്ഥാപിച്ചിട്ടുള്ളതിനാൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ ഇവ കൃത്യമായി പ്രവർത്തിക്കും. 30 മീറ്റർ അകലത്തിലാണു വൈദ്യുത കാലുകൾ സ്ഥാപിക്കാൻ കരാറുള്ളത്. എന്നാൽ ചില സ്ഥലങ്ങളിൽ കാലുകൾ സ്ഥാപിച്ചിട്ടില്ല.
മേൽപാതയുടെ ഇരുഭാഗത്തും പ്രത്യേകം ഫീഡറുകൾ സ്ഥാപിച്ചാണ് വൈദ്യുത കണക്‌ഷൻ നൽകിയിട്ടുള്ളത്. അടിപ്പാതയുടെയും മേൽപാതയുടെയും നിർമാണത്തിന്റെ ഭാഗമായി നഗരസഭ ജംക്‌ഷൻ മുതൽ ക്രസന്റ് സ്കൂൾ വരെയുള്ള ഭാഗത്തെ തെരുവു വിളക്കുകൾ 5 വർഷത്തിലേറെയായി പ്രവർത്തന രഹിതമായിരുന്നു. അടിപ്പാതയുടെയും മേൽപാതയുടെയും നിർമാണം നീണ്ടു പോയതോടെ ഈ ഭാഗത്തു രാത്രി വെളിച്ചം എത്തുന്നതും വൈകുകയായിരുന്നു. മുൻപു സ്ഥാപിച്ച തെരുവു വിളക്കുകളുടെ കേബിളുകൾ പലതും മുറിഞ്ഞു പോയതു പരിഹരിക്കേണ്ടി വന്നതു കാലത്താമസത്തിനു കാരണമാകുകയും ചെയ്തു.