അസൗകര്യങ്ങളിൽ അതിരപ്പിള്ളി വിനോദകേന്ദ്രം; വലഞ്ഞു ജനം

Mail This Article
അതിരപ്പിള്ളി ∙ വിനോദ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സന്ദർശകരെ വലയ്ക്കുന്നു. പ്രവേശന കാവാടത്തിൽ ഇരിപ്പിടമില്ലാത്തതും വേണ്ടത്ര ശുചിമുറികളുടെ കുറവും തിരക്കുള്ള ദിവസങ്ങളിൽ സന്ദർശകർക്ക് ദുരിതമാകുന്നു.പ്രധാനകവാടത്തിൽ ഇരിപ്പിടമില്ലാത്തതിനാൽ പ്രായമായവരെയും ഭിന്നശേഷിക്കാരെയും ഹോട്ടലുകളിലെ തിക്കിലും തിരക്കിലും ഇരുത്തിയാണ് കൂടെയുള്ളവർ വിനോദ കേന്ദ്രത്തിനുളളിലേക്കു പോകുന്നത്.
തിരക്കുള്ള സമയങ്ങളിൽ പ്രായമായവരെ കടയിൽ കൊണ്ടിരുത്തുന്നത് കച്ചവടക്കാർക്കും ബാധ്യതയായി മാറുന്നു. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിനു ആളുകളാണ് അവധി ദിവസങ്ങളിൽ വിനോദ കേന്ദ്രം സന്ദർശിക്കുന്നത്. എന്നാൽ കാലങ്ങളായി സന്ദർശകർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ബന്ധപ്പെട്ട അധികൃതർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നു ഡോക്ടർമാർ പറയുന്നു.വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിനും ഫീസ് ഈടാക്കുന്ന നടപടി കടുത്ത വിമർശനത്തിന് ഇടയാക്കുന്നു.
പിള്ളപ്പാറയിൽ പ്ലാന്റേഷൻ ഭൂമിയിൽ പാർക്കിങ് ഗ്രൗണ്ട് നിർമാണവുമായി ബന്ധപ്പെട്ട് പഠനങ്ങൾ പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ എങ്ങുമെത്തിയില്ല. പ്രവേശന സമയം കഴിഞ്ഞെത്തുന്ന ദീർഘദൂര സഞ്ചാരികൾക്കു ഉപയോഗിക്കാനായി ശുചിമുറി സ്ഥാപികണമെന്നത് കാലങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനാൽ പാർക്കിങ് ഗ്രൗണ്ടിനു സമീപമുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലാണ് സന്ദർശകർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്.
ഇത് പലപ്പോഴും പ്രദേശവാസികളും സന്ദർശകരും തമ്മിൽ സംഘർഷങ്ങൾക്ക് ഇടയാക്കാറുണ്ട്. നിലവിൽ പ്രവേശന കവാടത്തിനരികിലുള്ള ശുചിമുറികൾ പ്രവൃത്തി സമയങ്ങളിൽ മാത്രമാണ് സഞ്ചാരികൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ലക്ഷങ്ങൾ വരവുള്ള വിനോദ കേന്ദ്രത്തിൽ സഞ്ചാരികൾ നേരിടുന്ന ദുരിതത്തിനു അറുതി വരുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.