ADVERTISEMENT

കാടുകുറ്റി ∙ വായ്പ കുടിശിക മുടങ്ങിയതിനെത്തുടർന്നു സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ച കുടുംബത്തിലെ മൂന്നുപേരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാതിക്കുടം മച്ചിങ്ങൽ ശ്രീവത്സന്റെ ഭാര്യ ഭാഗ്യലക്ഷ്മി (46), മകൻ അതുൽ കൃഷ്ണ (10), ഭാര്യാമാതാവ് തങ്കമണി (69) എന്നിവരാണു കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.  ഇതിൽ തങ്കമണിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഞായർ രാത്രിയാണ് സംഭവം. വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്ക ഗുളിക അമിതമായി ചേർത്തു കഴിക്കുകയായിരുന്നുവെന്നു പറയുന്നു. ഭക്ഷണം കഴിച്ചതോടെ മൂന്നു പേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ശ്രീവത്സൻ ഉടനെ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. കാടുകുറ്റി സഹകരണ ബാങ്കിൽ നിന്ന് 2019ലാണ് കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്.

ജന്മനാ അസുഖങ്ങളുള്ള അതുൽകൃഷ്ണയുടെ ചികിത്സയ്ക്കു ഭീമമായ തുക വേണമായിരുന്നു. നാട്ടിലെ സുമനസ്സുകളുടെ സഹകരണത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും തുടർ ചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി.  പിഴപ്പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ സഹകരണ സംഘം സെയിൽസ് ഓഫിസർ മുഖേന 2 ദിവസം മുൻപ് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നടപടിയുണ്ടാകുമെന്ന മനോവിഷമമാണു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി. 

വായ്പ മുടങ്ങുന്നവർക്ക് ജപ്തി അടക്കമുള്ള നടപടികൾക്കു മുന്നോടിയായി നൽകിവരുന്ന ചട്ടപ്രകാരമുള്ള സൂചനയ്ക്കു മാത്രമാണ് ഡിമാൻഡ് നോട്ടിസയക്കുന്നതെന്നു ബാങ്ക് അധികൃതർ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് മജിസ്‌ട്രേട്ട് മൊഴിയെടുത്തു. ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എംഎൽഎ ജോയിന്റ് റജിസ്ട്രാർക്കും ബാങ്ക് സെക്രട്ടറിക്കും കത്തു നൽകിയിട്ടുണ്ട്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com