ADVERTISEMENT

കോടശേരി ∙ പാടേ തകർന്നു കിടക്കുന്ന കുറ്റിച്ചിറ – ചായ്പൻകുഴി റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ജനം തെരുവിലിറങ്ങുന്നു. വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡ് യാത്രായോഗ്യമാക്കാനായി പിഡബ്ല്യുഡിക്കു കൈമാറണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല. മന്ത്രി അടക്കമുള്ളവർക്കു നിവേദനങ്ങൾ നൽകി നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ടും വർഷം ഏറെയായി. ചാലക്കുടി മുതൽ കുറ്റിച്ചിറ വരെ റോഡ് പിഡബ്ല്യുഡി റോഡാണ്.

ചായ്പൻകുഴി മുതൽ കേരള അതിർത്തിയായ മലക്കപ്പാറ വരെയും റോഡ് പിഡബ്ല്യുഡിയുടെ കീഴിലാണ്. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള രണ്ടര കിലോമീറ്റർ ദൂരമാണ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളത്. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു പോകുന്നവർക്കുള്ള സമാന്തര പാത കൂടിയാണ് ഈ റോഡ്. ചായ്പൻകുഴി, വെറ്റിലപ്പാറ, രണ്ടുകൈ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ 96 ട്രിപ്പുകൾ ഈ വഴി ഓടുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും വഴിയൊരുക്കുമ്പോഴും പരിഹാര നടപടികൾ ഏറെ അകലെയാണ്. 

തകർന്നു കിടക്കുന്ന ചായ്പൻകുഴി - കുറ്റിച്ചിറ റോഡ്.
തകർന്നു കിടക്കുന്ന ചായ്പൻകുഴി - കുറ്റിച്ചിറ റോഡ്.

റോഡ് പിഡബ്ല്യുഡിക്ക് കൈമാറണമെന്നും അടിയന്തരമായി യാത്രായോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. നാളെ 9.30ന് ചായ്പൻകുഴി ഇടവക കാത്തലിക് കോൺഗ്രസ് റോഡ് ഉപരോധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജോഫിൻ ഫ്രാൻസിസ്, ലിജോ ജോൺ, ലിനോജ് ചിറമ്മേൽ. പഞ്ചായത്ത് അംഗം കെ.പി. ജയിംസ്, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് മെജോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com