എ.സി. മൊയ്തീന്റെ ഓഫിസിലേക്ക് ബിജെപി മാർച്ച്; സംഘർഷം

Mail This Article
കുന്നംകുളം∙ രാജി ആവശ്യപ്പെട്ട് എ.സി. മൊയ്തീൻ എംഎൽഎയുടെ ഓഫിസിലേക്കു ബിജെപി നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ വനിതാ നേതാവ് അടക്കം 2 പേർക്കു പരുക്കേറ്റു. 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ മാർച്ച് വടക്കാഞ്ചേരി റോഡിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസ് പരിസരത്തു നിന്നാണ് തുടങ്ങിയത്. അസി. പൊലീസ് കമ്മിഷണർ സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു.
പട്ടണം ചുറ്റിയെത്തിയ മാർച്ച് എംഎൽഎ ഓഫിസ് പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ധർണ ഉദ്ഘാടനം ചെയ്തതോടെ ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു പോകാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പലരും തെറിച്ചു വീണു. പരുക്കേറ്റ ജില്ലാ സെക്രട്ടറി ധന്യ രാമചന്ദ്രനെ മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലും മണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. ജെബിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മണ്ഡലം പ്രസിഡന്റുമാരായ സുഭാഷ് പാക്കത്ത്, സുഭാഷ് ആദൂർ, കൗൺസിലർ രേഷ്മ സുനിൽ, സിഗ്മ രജീഷ്, രാജേഷ് കുട്ടഞ്ചേരി, അനൂപ് തയ്യിൽ, ഷജീഷ് കില്ലപ്പൻ, വി.ആർ. സജിത്ത്, മിഥുൻ പുതുശേരി, അഭിലാഷ് പൂശപ്പിള്ളി, പ്രസാദ് വേലൂർ, വിമൽചന്ദ്, യദുകൃഷ്ണൻ, വിഷ്ണു അമ്പാടി എന്നിവരാണ് അറസ്റ്റിലായത്.