ADVERTISEMENT

തൃശൂർ ∙ മുണ്ടകൻ കൃഷിക്കായി വിതയിറക്കാൻ ആഴ്ചകൾക്കു മുൻപേയെടുത്ത തീരുമാനം നടപ്പിൽവരുത്തേണ്ട അവസാന ദിനത്തിൽ ചണ്ടിയും വെള്ളക്കെട്ടും മാറ്റിക്കിട്ടാനുള്ള തീരുമാനത്തിനായി വടക്കൻ മേഖലയിലെ കോൾ കർഷകരുടെ കുത്തിയിരിപ്പു സമരം.   ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചെമ്പൂക്കാവ് ഓഫിസിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഉദ്യോഗസ്ഥർ ‘ഉടൻ’ പരിഹാരം കണ്ടു; ചണ്ടിയും വെള്ളക്കെട്ടും അടിയന്തരമായി ഒഴിവാക്കേണ്ട ഇടങ്ങളിൽ ഇന്നു പണിതുടങ്ങും.

വൈകാതെ മുഴുവൻ കോൾ പ്രദേശത്തെയും ചണ്ടി നീക്കി വെള്ളക്കെട്ടു പരിഹരിക്കും. കർഷകർ ആവശ്യമുന്നയിച്ചപ്പോഴെല്ലാം ഫണ്ട് ഇല്ലാത്തതിനാലാണ് പ്രവൃത്തികൾ വൈകുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫണ്ട് ഉടൻ പാസാക്കാമെന്ന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പും ലഭിച്ചു. ജില്ലാ കോൾ അഡ്വൈസറി യോഗത്തിനു മുൻപ് ആരംഭിച്ച സമരം ഇതോടെ കർഷകർ പിൻവലിച്ചു. 

സെപ്റ്റംബർ മാസാവസാനം ആരംഭിച്ച് ഫെബ്രുവരി അവസാനത്തിൽ മുണ്ടകനും നവംബർ മാസാവസാനം ആരംഭിച്ച് ഏപ്രിൽ മാസാവസാനം പുഞ്ചയും കൊയ്യുകയാണ് പതിവ്.ഓഗസ്റ്റ് ആദ്യവാരത്തിൽ കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് സെപ്റ്റംബർ 30ന് അകം വിതയിറക്കുംവിധം പ്രവൃത്തികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി വടക്കൻ മേഖലയിൽ ഉൾപ്പെട്ട പുല്ലഴി, അയ്യന്തോൾ, അരിമ്പൂർ, പറപ്പൂർ, പാവറട്ടി മേഖലകളിലെ പ്രധാന പടവുകളാണ് ഉൾച്ചാലുകളിലെ ചണ്ടി മാറ്റാത്തതിനാൽ പ്രതിസന്ധിയിലായത്. 

ഏനാമാക്കൽ ബണ്ടിന്റെ ഷട്ടറുകൾ തുറന്നിട്ടും നീങ്ങാത്ത വിധം ചണ്ടിയും വെള്ളവും സ്തംഭിച്ച അവസ്ഥയാണ്. പുഴയ്ക്കൽ ഭാഗത്ത് പണി പൂർത്തീകരിച്ച കനാലുകൾക്കു ഷട്ടറുകൾ ഇല്ലാത്തതിനാൽ വടക്കു ഭാഗത്തുനിന്നുള്ള വെള്ളം ഈ മേഖലയിലേക്കാണ് ഒഴുകിയെത്തുന്നത്. ചണ്ടി നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളം റോഡ് കവിഞ്ഞ് ഒഴുകിത്തുടങ്ങി. മോട്ടറുകൾ വരെ തള്ളിപ്പോകുന്ന സ്ഥിതിയാണ്. പലതവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെയാണ് കർഷകർ പ്രതിഷേധിച്ചത്.

അഡ്വൈസറി യോഗത്തിനെത്തിയ അംഗങ്ങൾ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ കലക്ടർ, ജില്ലാ കോൾ കർഷക സംഘം ഓർഗനൈസിങ് സെക്രട്ടറിയും എംഎൽഎയുമായ മുരളി പെരുനെല്ലി, എംഎൽഎമാരായ പി.ബാലചന്ദ്രൻ, സി.സി.മുകുന്ദൻ എന്നിവരുമായും പിന്നീടു മന്ത്രിയുമായും നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് തീരുമാനമായത്. അഡ്വൈസറി അംഗങ്ങളായ കെ.കെ.കൊച്ചുമുഹമ്മദ്, എൻ.കെ.സുബ്രഹ്മണ്യൻ, ടി.ആർ.വർഗീസ്, എം.ആർ.മോഹനൻ, എം.ഡി.രാജേന്ദ്രൻ, എൻ.എം.ബാലകൃഷ്ണൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കോൾ കർഷക പ്രതിനിധികളായ കൊളങ്ങാട്ട് ഗോപിനാഥൻ, പഴോര് അപ്പുക്കുട്ടൻ, നന്ദകുമാർ, ഭാസ്കരൻ നായർ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com