ADVERTISEMENT

പറവൂർ ∙ ഡോ. അദ്വൈതിന്റെ ജീവനെടുത്തതു പിറന്നാൾദിന രാവിൽ നടന്ന അപകടം. സെപ്റ്റംബർ 30നായിരുന്നു അദ്വൈതിന്റെ പിറന്നാൾ. സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തു പോയി ജന്മദിനം ആഘോഷിച്ചു കൊടുങ്ങല്ലൂരിലേക്കു തിരിച്ചുപോകും വഴിയായിരുന്നു അപകടം. വൈകിട്ട് അദ്വൈത് പിതാവിനെ ഫോണിൽ വിളിച്ച് ഏറെനേരം സംസാരിച്ചിരുന്നു. അതിനുശേഷമാണു സുഹൃത്തുക്കൾക്കൊപ്പം യാത്ര തിരിച്ചത്.

മഴ കാരണം പുഴയിൽ വെള്ളം ഉയർന്നു റോ‍‍ഡിന്റെ അതേ നിരപ്പിൽ എത്തിയിരുന്നു. ഇതിനാൽ റോഡ് അവസാനിക്കുന്നതു പുഴയിലേക്കാണെന്നു രാത്രി തിരിച്ചറിയുക ദുഷ്കരമായിരുന്നു. അപകടം നടക്കുന്ന സമയത്തു കനത്ത മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ റോഡ് തെളിഞ്ഞു കാണാനുള്ള സാധ്യതയും കുറവായിരുന്നു. ഈ സാഹചര്യങ്ങളാകാം അപകടത്തിലേക്കു നയിച്ചതെന്നാണു സൂചന.  

നല്ല വേഗത്തിലെത്തിയ കാർ കരയിൽ നിന്നു കുതിച്ച് 5 മീറ്ററിലേറെ മാറിയാണു വെള്ളത്തിൽ പതിച്ചത്. പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. രക്ഷാപ്രവർ‍ത്തകർ മൂന്നു പേരെ കരയ്ക്കെത്തിക്കുന്നതിനിടെ കാർ ഒഴുക്കിൽപ്പെട്ടു പൂർണമായി മുങ്ങിപ്പോയി. മുൻസീറ്റിലിരുന്ന ബാക്കി രണ്ടു പേർ കാറിൽ കുടുങ്ങിക്കിടക്കുകയാണോ അതോ പുറത്തിറങ്ങിയോ എന്നതിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. അപകടം അർധരാത്രി നടന്നതും  രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അഗ്നി രക്ഷാസേനയുൾപ്പെടെ എത്തി ഒന്നരയോടെയാണു പുഴയിൽ മുങ്ങിപ്പോയ കാർ കണ്ടെത്തി കരയിലെത്തിച്ചത്. മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ മൂന്നരയായി.  

ഞെട്ടൽ മാറാതെ അബ്ദുൽ ഹഖ്

പറവൂർ ∙ മലപ്പുറം സ്വദേശി അബ്ദുൽ ഹഖിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. വടക്കുംപുറത്തു കെട്ടിട നിർമാണത്തിനു വന്ന അബ്ദുൽ ഹഖ് സഹപ്രവർത്തകരായ 3 മലപ്പുറത്തുകാർക്കൊപ്പം കടൽവാതുരുത്തിൽ പുഴയോടു ചേർന്നുള്ള കെട്ടിടത്തിലാണു താമസിക്കുന്നത്. രാത്രി വീട്ടിൽ നിന്നെത്തിയ ഫോൺ എടുക്കാൻ പുറത്തിറങ്ങിയ സമയത്താണു വലിയ ശബ്ദത്തോടെ കാർ തെറിച്ചു പുഴയിൽ വീഴുന്നതു കണ്ടത്. 

ഓടിച്ചെല്ലുമ്പോഴേക്കും കാറിൽ ഉണ്ടായിരുന്ന ഡോ. ഖാസിക്കും ജിസ്മോനും നീന്തി കരയോട് അടുത്തെത്തിയിരുന്നു. ഇവരെ വലിച്ചു കയറ്റിയശേഷം അബ്ദുൽ ഹഖ് നീന്തിച്ചെന്നു തമന്നയെ കയർ കെട്ടി വലിച്ചു കരയോടടുപ്പിച്ചു. ജലോത്സവങ്ങളിൽ ‘ഗോതുരുത്തുപുത്രൻ’ ഇരുട്ടുകുത്തി വള്ളം തുഴയുന്ന കേരള പൊലീസ് ബോട്ട് ക്ലബ് ടീം അംഗങ്ങളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനിറങ്ങി. അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷമാണു പുഴയിൽ കാർ മുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തിയത്. തുടർന്നു കേരള പൊലീസ് ബോട്ട് ക്ലബ് അംഗങ്ങളും ഫയർഫോഴ്സും വടക്കേക്കര പൊലീസും നാട്ടുകാരും ചേർന്നു വടംകെട്ടി കരയിലേക്കു വലിച്ചു കയറ്റുകയായിരുന്നു. 

ഗൂഗിൾ മാപ്പ് വില്ലനായോ?

പറവൂർ ∙ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമുണ്ടെങ്കിലും ഇതിൽ വസ്തുതയുണ്ടോയെന്നതു വ്യക്തമല്ല.  ഗൂഗിൾ മാപ്പ് നോക്കി വന്നതാണ് അപകടമുണ്ടാകാൻ കാരണമെന്നും എറണാകുളത്തു നിന്നു ദേശീയപാത 66ലെ ശരിയായ വഴിയിലൂടെ വന്ന ഇവർ ലേബർ കവലയിൽ നിന്ന് ഇടത്തേക്കു തിരിയുന്നതിനു പകരം വലത്തേക്കു തിരിഞ്ഞതോടെയാണു വഴി തെറ്റിയതെന്നും രക്ഷപ്പെട്ട യുവതി പറഞ്ഞെന്നാണു പൊലീസ് പറയുന്നത്. 

എന്നാൽ, ലേബർ കവലയിൽ നിന്നു വലത്തേക്കു തിരിഞ്ഞു ഗോതുരുത്ത് ലിങ്ക് പാലം ഇറങ്ങി അടുത്ത കവലയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു 400 മീറ്ററോളം സഞ്ചരിച്ചാലേ കടൽവാതുരുത്തു കടവിലെത്തൂ. കടൽവാതുരുത്തു കടവിൽ റോഡ് അവസാനിക്കുന്നതിനു തൊട്ടു മുൻപു ഹോളിക്രോസ് എൽപി സ്കൂളിനു സമീപത്തുനിന്ന് ഇടത്തേക്കുള്ള വഴി തിരിഞ്ഞാൽ വീണ്ടും ഗോതുരുത്ത് ലിങ്ക് പാലത്തിൽ എത്താൻ കഴിയും. ഗൂഗിൾ മാപ്പിൽ ഈ വഴി യാത്രക്കാർ ശ്രദ്ധിക്കാതെ പോയതാകാം നേരെ പോയി പുഴയിൽ വീഴാൻ കാരണമെന്നും നിഗമനമുണ്ട്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com