മഴ: റോഡുകള് തകരുന്നു;യാത്രാദുരിതം രൂക്ഷം

Mail This Article
ചാലക്കുടി ∙ മഴ ശക്തമായതോടെ ദേശീയപാത സർവീസ് റോഡിൽ താലൂക്ക് ആശുപത്രി ജംക്‌ഷനു സമീപം വെള്ളക്കെട്ട് രൂക്ഷമായി. സൗത്ത് ജംക്‌ഷനിലെ മേൽപാലത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ഭാഗത്ത് നിറയുകയാണ്. ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം ഈ ഭാഗത്ത് ഇല്ലാത്തതാണ് പ്രശ്നത്തിനു കാരണം. റോഡിലെ വെള്ളം വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്ത കടകളിൽ നിൽക്കുന്നവരെയും കാൽനടയായി പോകുന്നവരുടെയും ദേഹത്തേക്കു ചീറ്റി തെറിക്കുന്നതും പതിവാണ്.
കുറ്റിച്ചിറ പാലം ജംക്‌ഷനിൽ വെള്ളക്കെട്ട്
കുറ്റിച്ചിറ ∙ പാലം ജംക്‌ഷനിൽ വെള്ളക്കെട്ട് രൂക്ഷം. ശക്തമായ മഴ പെയ്താൽ റോഡ് നിറഞ്ഞൊഴുകുകയാണ്. കാൽനടയാത്രക്കാരും വാഹന യാത്രികരും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ളവരും ഇതു കാരണം ദുരിതത്തിലാണ്.
മേൽപാലത്തിനു താഴെ കുളം?
ചാലക്കുടി ∙ സൗത്ത് ജംക്‌ഷനിലെ മേൽപാലത്തിനു താഴെ വലിയ കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും പരിഹാരം ഇനിയും അകലെയാണ്. മേൽപാലത്തിൽ നിന്ന് താഴേക്കു വെള്ളം ഒഴുക്കി വിടാനുള്ള പൈപ്പുകൾ തകർന്നിട്ടു നാളേറെയായി. ഇതു കാരണം അവിടെ നിന്നുള്ള വെള്ളം താഴേയ്ക്കു പതിക്കുന്നു. ഇത് പലപ്പോഴും യാത്രക്കാരുടെ ദേഹത്തും വീഴുന്നുണ്ട്. മഴ ശക്തമായാൽ കുഴി നിറഞ്ഞ് വെള്ളം റോഡിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഒഴുകുകയാണ്. കെഎസ്ആർടിസി റോഡും പൊലീസ് സ്റ്റേഷൻ റോഡും ദേശീയപാതയുമായി സംഗമിക്കുന്ന ഭാഗത്താണ് പ്രശ്നമുള്ളത്.
റോഡ് തകർന്നത് ദുരിതമായി
പരിയാരം ∙ നായരങ്ങാടി റോഡ് തകർന്നത് ആയിരക്കണക്കിനു വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്കു ദുരിതയാത്രയ്ക്ക് വഴിയൊരുക്കുന്നു. കോടശേരി, പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. എംഎൽഎക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ലെന്നു നാട്ടുകാർ പറയുന്നു. റോഡ് അടിയന്തരമായി യാത്രായോഗ്യമാക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. തോമസ് കല്ലേലി അധ്യക്ഷത വഹിച്ചു.
കുണ്ടും കുഴിയുമായി ചേനത്തുനാട് റോഡ്
ചാലക്കുടി ∙ ഗവ. ആശുപത്രി ജംക്‌ഷൻ-ചേനത്തുനാട് റോഡ് തകർന്ന് കുണ്ടും കുഴിയുമായി മാറി. ചേനത്തുനാട് ഭാഗത്തേക്കു തിരിയുന്ന ഭാഗത്തു റോഡിൽ വലിയ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവായിട്ടും അധികൃതർ കണ്ട മട്ടില്ല.
മഴ ശക്തമായതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമായി .കലാഭവൻ മണിയുടെ പാഡിയിലേക്കും മണിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിലേക്കും ലൈബ്രറിയിലേക്കും മണിയുടെ സ്മൃതി കുടിരം സ്ഥിതി ചെയ്യുന്ന വീട്ടിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളിൽ ഒട്ടേെറെ പേരാണ് എത്തുന്നത്.
സെന്റ് ജെയിംസ് മെഡിക്കൽ അക്കദമിയിലേക്ക് പോകന്ന വിദ്യാർഥികളും റോഡിന്റെ ശോചനീയവസ്ഥ മൂലം ബുദ്ധിമുട്ടുകയാണ്. നഗരസഭ റോഡ് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ചേനത്ത് നാട് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ആളുക്കാരൻ, സെക്രട്ടറി സി.കെ പോൾ, ട്രഷറർ ടി.എ. മേനോൻ എന്നിവർ പ്രസംഗിച്ചു