ദൃശ്യവിരുന്നൊരുക്കി ചിമ്മിനി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ

Mail This Article
ചിമ്മിനി ∙ കാഴ്ചകളുടെ വിരുന്നൊരുക്കി ചിമ്മിനി സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇന്നുകൂടി പ്രവേശനം സൗജന്യമാണ്. കാനനസൗന്ദര്യവും വന്യജീവി കാഴ്ചയും ആസ്വദിക്കാനാകും. ചിമ്മിനി ഡാമിന്റെ റിസർവോയർ കാഴ്ച അതിമനോഹരമാണ്. റിസർവോയറിലെ വെള്ളത്തിൽ കുട്ടവഞ്ചി യാത്രയ്ക്കും സൗകര്യമുണ്ട്. രാവിലെയും വൈകിട്ടും കാടിനുള്ളിൽ വിറകുതോട് ഭാഗത്തേയ്ക്ക് സൈക്കിൾ സവാരിയുമുണ്ട്. അതിരാവിലെ ട്രക്കിങ്ങും നടത്താം. മഴ തുടരുന്നതിനാൽ കാടിനുള്ളിലെ മനോഹരമായ ചൂരത്തള വെള്ളച്ചാട്ടവും ആസ്വദിക്കാനാകും. ഔഷധോദ്യാനം, ശലഭോദ്യാനം, നക്ഷത്രവനം, ചിമ്മിനി വനത്തെ പരിചയപ്പെടുത്തുന്ന ചിത്രപ്രദർശനം, പക്ഷി നിരീക്ഷണം എന്നിവയും ആസ്വദിക്കാം.
പ്രവേശനം രാവിലെ 8 മുതൽ
ചിമ്മിനി ഡാമിലേക്ക് എല്ലാദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30വരെയാണ് പ്രവേശനം. ഇന്ന് പ്രവേശനഫീസ് ഒഴിവാക്കിയിട്ടുണ്ട്. സൈക്കിൾ സവാരി, കുട്ടവഞ്ചി യാത്ര, ട്രക്കിങ് എന്നിവയ്ക്ക് പണം നൽകണം. ഒരുമണിക്കൂർ വനത്തിലൂടെ സൈക്കിൾ ചവിട്ടി കാഴ്ചകൾ കാണുന്നതിന് ഒരാൾക്ക് 200 രൂപയാണ് നിരക്ക്. 5 അംഗ സംഘത്തിനൊപ്പം ഒരു ഗൈഡും അനുഗമിക്കും.
എച്ചിപ്പാറയിൽ നിന്നും വനത്തിൽ വിറകുതോട് വരെയാണ് സൈക്കിൾ യാത്ര. ഇരുവശത്തേക്കുമായി ഒരുമണിക്കൂറാണ് യാത്ര. രാവിലെ 7.30 മുതൽ 10 വരെയും 2 മുതൽ 3 വരെയും പല സംഘങ്ങളായാണ് സൈക്കിൾ സഫാരിക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. 4 പേരടങ്ങിയ സംഘത്തിന്റെ കുട്ടവഞ്ചിയാത്രയ്ക്ക് 400 രൂപയാണ് നിരക്ക്.
വിദ്യാർഥികൾക്കുള്ള പ്രകൃതി പഠന ക്യാംപുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ട്രക്കിങ്ങിനും ചില ഇനങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 8547603454.
ഒരുങ്ങുന്നു 5 കോടി രൂപയുടെ ഇക്കോടൂറിസം പദ്ധതികൾ
ചിമ്മിനിയിൽ ഒരു സഞ്ചാരി എത്തിയാൽ മൂന്നോ നാലോ മണിക്കൂർ മാത്രം ചെലവഴിക്കാവുന്ന കാഴ്ചകളാണ് ഇപ്പോഴുള്ളത്. ഒരു ദിവസം മുഴുവൻ തങ്ങാവുന്ന സ്ഥിതിയിൽ ചിമ്മിനി ടൂറിസത്തെ മാറ്റാവുന്ന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. കെ.കെ. രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ വലിയ പരിശ്രമം പദ്ധതിയ്ക്കായി നടക്കുന്നുണ്ട്. പ്രാഥമിക രൂപരേഖ വനംവകുപ്പ് അംഗീകരിച്ച് ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്.
പദ്ധതിയ്ക്കായി 5 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് ശ്രമിക്കുന്നത്. ശുചിമുറി സമുച്ചയം, കഫെറ്റീരിയ, ഇക്കോ ഷോപ്പുകൾ, പൂന്തോട്ടം, കുട്ടികൾക്ക് സാഹസികശൈലിയിലുള്ള പാർക്ക്, താമസ സൗകര്യങ്ങൾ, ഔഷധോദ്യാന വിപുലീകരണം തുടങ്ങി സൗകര്യങ്ങൾ കൊണ്ടുവരാനാണ് നീക്കം. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പുത്തൂർ സുവോളജിക്കൽ പാർക്ക് പൂർണ സജ്ജമാകുന്നതോടെ പുത്തൂർ, ചിമ്മിനി, അതിരപ്പിള്ളി ടൂറിസം ഇടനാഴി രൂപീകരിക്കാനും ഇതുവഴി സാധ്യമാകും.