ADVERTISEMENT

അതിരപ്പിള്ളി ∙ ആനമല പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ദുരന്ത നിവാരണ അതോററ്റിയുടെ നിർദശപ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ ഭാരവാഹനങ്ങൾ,ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങൾക്കാണു വിലക്ക്.ഇതോടെ മലക്കപ്പാറ തേയില ഫാക്ടറികളിലേക്കു വിറകുമായി എത്തിയ ലോറികൾ തമിഴ്നാടു വഴി യാത്ര തുടർന്നു. ശനിയാഴ്ച രാത്രിയിലാണ് കനത്ത മഴയിൽ അമ്പലപ്പാറയ്ക്കു സമീപം റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിന്റെ ഒരുവശം ഭാഗികമായി തകർന്ന നിലയിലാണ്.  അഗാധമായ ഗർത്തത്തിനരികിലാണ്  മഴവെള്ളം കുത്തിയൊഴുകി റോഡ് അപകടത്തിലായത്. 

ചെറു വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കുമെങ്കിലും വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ട്. റോഡിൽ പലഭാഗങ്ങവിലും വിള്ളൽ വീണ് തകർച്ചാ ഭീഷണി നേരിടുകയാണ്. ഒരാഴ്ചയായി വനമേഖലയിൽ ഉച്ചയ്ക്കു ശേഷം മഴ ശക്തമാണ്. കാനയില്ലാത്തതിനാൽ മഴവെള്ളം റോഡ് നിറഞ്ഞ് ഒഴുകുന്നത് മൂലം ഇതുവഴിയുള്ള രാത്രി യാത്രകൾ അപകടം നിറഞ്ഞതാണ്.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഗതാഗത നിയന്ത്രണം നിലനിൽക്കെ കെഎസ്ആർടിസി 5 ഉല്ലാസയാത്രാ ബസുകൾ നിറയെ യാത്രക്കാരുമായി അപകടമേഖല മറികടന്ന് ഇതുവഴി യാത്ര നടത്തി. ഇതേത്തുടർന്ന ്മറ്റുവാഹനങ്ങൾക്കും സഞ്ചാര അനുമതി നൽകണമെന്നാശ്യപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ വിനോദ സഞ്ചാരികൾ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി.

മഴയെത്തുടർന്നു ദേശീയപാതയിൽ ചാലക്കുടി അടിപ്പാതയ്ക്കു സമീപം രൂപപ്പെട്ട വെള്ളക്കെട്ട്
മഴയെത്തുടർന്നു ദേശീയപാതയിൽ ചാലക്കുടി അടിപ്പാതയ്ക്കു സമീപം രൂപപ്പെട്ട വെള്ളക്കെട്ട്

ചാലക്കുടി അടിപ്പാത: അറുതിയില്ലാതെ ദേശീയപാതയിലെ വെള്ളക്കെട്ട് 

ചാലക്കുടി ∙ അടിപ്പാത നിർമാണം പൂർത്തിയായതോടെ ദേശീയപാതയിൽ മഴക്കാലത്തു രൂപപ്പെടുന്ന വെള്ളക്കെട്ടിനു പരിഹാരമില്ല. ഒറ്റ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് വാഹന ഗതാഗതം ബുദ്ധിമുട്ടിലാക്കുകയാണ്. അടിപ്പാതയുടെ അനുബന്ധ റോഡിന് വടക്കു ഭാഗത്ത് ക്രസന്റ് സ്കൂളിനു സമീപം അവസാനിക്കുന്ന ഭാഗത്താണു ദേശീയപാത മഴ പെയ്യുമ്പോൾ വെള്ളത്തിൽ മുങ്ങുന്നത്. അടിപ്പാത നിർമാണ സമയത്തു തന്നെ ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നെങ്കിലും നിർമാണം പൂർത്തിയാകുന്നതോടെ ഇല്ലാതാകും എന്നായിരുന്നു കരാറുകാരുടെ വാഗ്ദാനം. ഡ്രെയ്നേജ്  സംവിധാനവും ലക്ഷക്കണക്കിനു രൂപ ചെലവിട്ട് ഒരുക്കിയെങ്കിലും വെള്ളക്കെട്ട് പരിഹരിക്കപ്പെട്ടിട്ടില്ല. 

അടിപ്പാതയ്ക്കു മുകളിലെ ചെരിവുള്ള അനുബന്ധ റോഡിൽ നിന്ന്  താഴേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്. ഇത് ഇരുവശത്തുമുള്ള കാനകളിലേക്ക് ഒഴുകിപ്പോകാനായി ശാസ്ത്രീയമായ സംവിധാനം ഒരുക്കിയാൽ പ്രശ്നത്തിനു പരിഹാരമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റോഡ് തകർന്നു 

മേലൂർ ∙ പൂലാനിയിലെ നായരങ്ങാടി- കൊമ്പൻപാറ തടയണ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടു. ആരാധനാലയങ്ങളും ഒട്ടേറെ വീടുകളും ഉള്ള കൊമ്പൻപാറ ഭാഗത്തേക്കുള്ള ഈ പ്രധാന റോഡിപ്പോൾ തകർന്ന് കുണ്ടും കുഴിയുമായി. ചാലക്കുടി പുഴയിലെ പ്രധാന തടയണകളിലൊന്നായ കൊമ്പൻപാറയിലേക്കുള്ള വഴികൂടിയാണിത്. 2018 നു മുൻപ് ഇവിടെയുള്ള ബീയർ കമ്പനിയുടെ നടത്തിപ്പുകാരായ മലബാർ ബ്രീവറീസ് പഞ്ചായത്തുമായി സഹകരിച്ചാണ് റോഡ് നവീകരിച്ചു പോന്നിരുന്നത്. എന്നാൽ പുതിയ കമ്പനി ഏറ്റെടുത്തതോടെ നവീകരണം വേണ്ടവിധം നടക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിന്റെ ഭാരക്ഷമതയെക്കാൾ ഉയർന്ന ലോഡുമായി വാഹനങ്ങൾ കടന്നുപോകുന്നതാണ് ടാറിങ് അടക്കം തകരുവാനുള്ള കാരണമായി പറയുന്നത്. റോഡ് നവീകരണം അടിയന്തരമായി പൂർത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  
    
  
കുണ്ടും കുഴിയുമായ  മേച്ചിറ - കനകമല ലിങ്ക് റോഡ്.
കുണ്ടും കുഴിയുമായ മേച്ചിറ - കനകമല ലിങ്ക് റോഡ്.

പാറയും മണ്ണും ഇടിയുന്നു; ഭീഷണി 

വെള്ളിക്കുളങ്ങര ∙ നായാട്ടുകുണ്ട്  ചൊക്കന റോഡരികിലെ മലഞ്ചെരുവിൽ പാറയും മണ്ണും ഇടിയുന്നത് ഭീഷണിയാവുന്നു . റോഡിന്റെ ഒരു വശം ഉയർന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ  പാറയും, മണ്ണും ഇടിയുന്നുണ്ട്. വെള്ളിക്കുളങ്ങര നിന്ന് ചൊക്കന, കുണ്ടായി വഴി തൃശൂരിലേക്ക് ബസ് സർവീസ് നടത്തുന്ന ഈ റോഡരികിൽ അപകടാവസ്ഥയിൽ മരങ്ങൾ ഉണങ്ങി നിൽക്കുന്നുണ്ട് . ഒട്ടേറെ തോട്ടം തൊഴിലാളികൾ യാത്രചെയ്യുന്ന ഈ റോഡിൽ  നിറയേ കുഴികളുമുണ്ട്. ഒരു വശത്ത് വെള്ളിക്കുളങ്ങര റേഞ്ചിലെ മലയും റോഡിന് താഴെ ഗർത്തവുമാണ്. ട്രാംവേ ലൈനിന്റെ അവശേഷിപ്പുകളായ മലയിലെ വഴിയിലൂടെയും ആനത്താരകളിലൂടെയും എത്തുന്ന ആനക്കൂട്ടൾ പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാറുണ്ട്.

ഇരുചക്ര വാഹനക്കാർ ആനകളുടെ മുന്നിൽ പെട്ട് അപകടവും സംഭവിച്ചിട്ടുണ്ട്. ഒട്ടേറെ വളവുകളുള്ള ഈ റോഡിൽ മാൻ, പന്നി, മ്ലാവ് എന്നിവ കൂട്ടമായെത്താറുണ്ട്. റോഡരികിലെ കാടുകൾ വെട്ടി അപകട മുന്നറിയിപ്പ് ബോർഡുകളും സുരക്ഷിത വേലിയും സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

മഴ കനത്തതോടെ   വെള്ളിക്കുളങ്ങര - നായാട്ടുകുണ്ട് റോഡിലേക്ക് മണ്ണിടിഞ്ഞ് കിടക്കുന്നു.
മഴ കനത്തതോടെ വെള്ളിക്കുളങ്ങര - നായാട്ടുകുണ്ട് റോഡിലേക്ക് മണ്ണിടിഞ്ഞ് കിടക്കുന്നു.

യാത്രക്കാർക്ക് ഭീഷണിയായി ‌റോഡിലെ പരസ്യ കമാനം 

മാള ∙ പോസ്റ്റ് ഓഫിസ് റോഡിൽ അനധികൃതമായി സ്ഥാപിച്ച പരസ്യത്തിന്റെ കമാനം യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് കുഴിച്ചാണ് കമാനം സ്ഥാപിച്ചിരിക്കുന്നത്.ഏകദേശം ഒരു ഇരുചക്രവാഹനം കടന്നു പോകുന്ന വീതിയിലാണ് റോഡിലേക്ക് ഇറക്കി കമാനം സ്ഥാപിച്ചിട്ടുള്ളത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 ഗതാഗത പരിഷ്കാരം ഉടൻ 

പോട്ട ∙ മേഖലയിലെ ഗതാഗത പരിഷ്കാരം വൈകാതെ നടപ്പാക്കുമെന്നു പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സന്ദീപ് അറിയിച്ചു.സർവീസ് റോഡ് വൺവേ ആക്കുന്നതും ദേശീയപാതയിലേക്കുള്ള പ്രവേശനം ഇല്ലാതാകുന്നതും ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളാണ് പരിഷ്കാര നടപടികളിലുള്ളത്. 

മാറ്റങ്ങൾ ഇങ്ങനെ: ∙ പോട്ട ആശ്രമം ജംക്‌ഷൻ മുതൽ സുന്ദരിക്കവല വരെ കിഴക്കു വശത്തെ ദേശീയപാത സർവീസ് റോഡ് വൺവേയാക്കും. ഇതിലൂടെ തെക്കു ഭാഗത്തേക്കു മാത്രമായിരിക്കും പ്രവേശനം. 

മേലൂർ നായരങ്ങാടി-കൊമ്പൻപാറ തടയണ റോഡിൽ തകർച്ച നിമിത്തം കുഴികൾ രൂപപ്പെട്ട നിലയിൽ.
മേലൂർ നായരങ്ങാടി-കൊമ്പൻപാറ തടയണ റോഡിൽ തകർച്ച നിമിത്തം കുഴികൾ രൂപപ്പെട്ട നിലയിൽ.

∙ പോട്ട സുന്ദരിക്കവല ജംക്‌ഷനിൽ പഴയ ദേശീയപാതയിൽ നിന്നു ദേശീയപാതയിലേക്കുള്ള പ്രവേശനം അടച്ചു കെട്ടും. 

∙ ചാലക്കുടിയിൽ നിന്ന് ഇരിങ്ങാലക്കുട, തൃശൂർ ഭാഗത്തേയ്ക്കു പോകുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പോട്ട ആശ്രമം ജംക്‌ഷനിലെ സിഗ്‌നലിലെത്തി ദേശീയപാത മുറിച്ചു കടന്നു പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലൂടെ യാത്ര തുടരണം. ഈ ബസുകൾ പോട്ട ജംക്‌ഷനിൽ പോകില്ല. 

∙ ഇരിങ്ങാലക്കുട, തൃശൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ പോട്ട ജംക്‌ഷനിലെത്തി സുന്ദരിക്കവല വഴി ദേശീയപാതയിലെ കിഴക്കു വശത്തെ സർവീസ് റോഡിലൂടെ യാത്ര തുടരണം.

 ഇവർക്കു ദേശീയപാതയിൽ ആശ്രമം ജംക്‌ഷനിലെ സിഗ്നൽ ഒഴിവാക്കാം. 

നേരത്തെ ഇവ ദേശീയപാതയിലേയ്ക്കു കടന്നാണു പോയിരുന്നത്. വാഹനങ്ങൾക്കു സുന്ദരിക്കവലയിൽ ദേശീയപാതയിലേയ്ക്കു പ്രവേശനം ഉണ്ടാകില്ല.

മിക്കവാറും വ്യാഴാഴ്ച മുതലാകും ഈ ഭാഗത്ത് ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുക. ഇന്നു മുതൽ ബുധനാഴ്ച വരെ ചാലക്കുടി ടൗണിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നുണ്ട്.

English Summary:

Heavy Rain Wreaks Havoc in Athirapilli: Road in Peril as Rainwater Fills Dangerous Crater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com