ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നവരാത്രി ചടങ്ങുകളുടെ ഭാഗമായി ഇന്നലെ സന്ധ്യയ്ക്ക് പൂജവയ്പ് നടത്തി. കൂത്തമ്പലത്തിലെ സരസ്വതി മണ്ഡപത്തിൽ പുസ്തകങ്ങളും കൃഷ്ണനാട്ടം കളരിയിലെ ഗ്രന്ഥങ്ങളും വാളും അടക്കം ദീപാരാധനയ്ക്ക് ശേഷം പൂജയ്ക്ക് വച്ചു. ഇന്ന് ഓതിക്കന്മാർ 3 നേരം പൂജ ചെയ്യും. നാളെ രാവിലെ സരസ്വതി പൂജയും ശീവേലിയും കഴിഞ്ഞാൽ വടക്കേ പത്തായപ്പുരയിലെ വിദ്യാരംഭം ഹാളിലേക്ക് ദേവീദേവന്മാരുടെ ചിത്രം എഴുന്നള്ളിക്കും. ഇവിടെ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യന്മാരായി എഴുത്തിനിരുത്തൽ ചടങ്ങ് നടത്തും. കുട്ടികളെ എഴുത്തിനിരുത്താൻ 50 രൂപയുടെ ശീട്ട് എടുക്കണം. വിജയദശമി ദിവസം രാത്രി മുതൽ കൃഷ്ണനാട്ടം അരങ്ങ് കളി ആരംഭിക്കും. 

ചൊവ്വല്ലൂർ ശിവക്ഷേത്രം
ചൊവ്വല്ലൂർ ∙ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ഇന്നലെ വൈകിട്ട് പൂജ  വയ്പ് ചടങ്ങ് നടന്നു. ഇന്നും നാളെയും വിശേഷാൽപൂജകൾ,  അഭിഷേകങ്ങൾ, വാദ്യ വിശേഷങ്ങൾ എന്നിവയുണ്ടാകും. കീഴേടം രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 3 ദിവസം വിഷ്ണു, ലളിത, ശിവ സഹസ്രനാമ ജപം നടന്നു. ഇന്ന് മുപ്പട്ട്  തിങ്കൾ ആഘോഷം, അഖണ്ഡ നാമജപം, അന്നദാനം, നിറമാല, ചുറ്റുവിളക്ക്. കാലത്ത് മദ്ദളകേളി, സന്ധ്യയ്ക്ക് തായമ്പക. നാളെ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തൽ. കാലത്ത് മദ്ദളകേളി, വൈകിട്ട് ഗാനമേള. 

മമ്മിയൂരിൽ ഇന്ന് പഞ്ചരത്ന  കീർത്തനാലാപനം
ഗുരുവായൂർ ∙ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കാലത്ത് 9.30 മുതൽ രമേശൻ.വി.പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനം നടക്കും. കാലത്ത് 8.30 മുതൽ ഗുരുവായൂർ മുരളിയുടെ നാഗസ്വര കച്ചേരി, വൈകിട്ട് 6.30ന് രഹ്ന മുരളിയുടെ കർണാട്ടിക് ഫ്യൂഷൻ. ഇന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വേദസാര ലളിത സഹസ്രനാമ ലക്ഷാർച്ചന. നാളെ കാലത്ത് വിദ്യാരംഭ ചടങ്ങുകൾ നടക്കും.

എഴുത്തിനിരുത്തൽ
ചാവക്കാട്∙ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തൽ. മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി നിർവഹിക്കും. ഇന്ന് വൈകിട്ട് 7ന് മണലൂർ ഗേ‌ാപിനാഥിന്റെ ഓട്ടൻതുള്ളൽ ഉണ്ടാകും. ചാവക്കാട്∙ മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തൽ. ഭജനയും ഉണ്ടാകും. 

സംഗീതാർച്ചന 
ചാവക്കാട്∙ ബ്ലാങ്ങാട് കല്ലുങ്ങൽ അമ്മ ഭഗവതി ക്ഷേത്രത്തിൽ സംഗീതാർച്ചന നടത്തി. വിജയദശമി ദിനത്തിൽ രാവിലെ മുതൽ എഴുത്തിനിരുത്തൽ നടത്തും. പ്രസാദ വിതരണവും ഉണ്ടാകും. മേൽശാന്തി കണ്ണൻ ശാന്തി, ലാലൻ ശാന്തി എന്നിവർ കാർമികത്വം വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com