കോൾചാലുകളിൽ ക്യൂട്ടായി ‘കൂട്സ്’
Mail This Article
പാവറട്ടി ∙ കോൾചാലുകളിൽ വിരുന്നുകാരായി ദേശാടന കിളികളായ കൂട്സ് എത്തി. കടുംചുവപ്പു നിറമുള്ള കണ്ണുകളും വെള്ളക്കൊക്കും കറുത്ത തൂവലുകളുമുള്ള ഇവ കാണാനും നല്ല ക്യൂട്ടാണ്. നെറ്റിയിലെ വര ഇവയുടെ സൗന്ദര്യം കൂട്ടുന്നു. മതുക്കര കോൾപ്പടവിലെ കനാലിൽ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും ഗുരുവായൂർ ലിറ്റിൽഫ്ലവർ കോളജിലെ മൾട്ടി മീഡിയ വിഭാഗം അധ്യാപകനുമായ റിജോ ചിറ്റാട്ടുകരയാണ് ഇവയെ കണ്ടെത്തിയത്.
യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ജനവാസമില്ലാത്ത ആഴം കുറഞ്ഞ ജലാശയങ്ങളാണ് ഇവയുടെ പ്രധാന താമസ സ്ഥലം. ജലാശയങ്ങൾക്ക് മുകളിൽ പുല്ലുകൊണ്ട് കൂടുകൂട്ടിയാണ് ഇവ മുട്ടയിടുന്നത്. ചെറു മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം. ഭക്ഷണത്തിന്റെ അഭാവത്തിൽ സ്വന്തം കുഞ്ഞുങ്ങളെ തന്നെ ഭക്ഷണമാക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. 2 മുതൽ 10 വരെയുള്ള കൂട്ടങ്ങളായാണ് ഇവയെ സാധാരണ കാണാറ്. മതുക്കരയിൽ 6 കൂട്ടുകളെയാണ് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നതായി പക്ഷിനിരീക്ഷകർ പറയുന്നു.