ADVERTISEMENT

തൃശൂർ ∙ സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള വിയ്യൂർ അതിസുരക്ഷാ ജയിലിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നതു ‘ജയിൽ കലാപം’ എന്നു വിലയിരുത്തൽ. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇരുപത്തഞ്ചോളം തടവുകാർ ചേർന്ന് അരമണിക്കൂറോളം ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. 3 ജീവനക്കാരെ ആക്രമിച്ചു പരുക്കേൽപ്പിച്ച് ഇന്നർഗേറ്റിനു പുറത്തേക്കു തള്ളിയ ശേഷം കൊടി സുനിയും സംഘവും ജയിലിന്റെ ഹൃദയഭാഗം കയ്യടക്കിവച്ചു. ഓഫിസും ഗാർഡ് റൂം അടിച്ചു തകർക്കുകയും മുളകുപൊടിയെറ‍ിയുകയും വടിയുൾപ്പെടെയുള്ള ആയുധങ്ങൾ ഉയർത്തി വെല്ലുവിളി മുഴക്കുകയും ചെയ്തു. 

സെൻട്രൽ ജയിലിൽ നിന്നടക്കം കൂടുതൽ ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെയാണു ഇന്നർഗേറ്റ് തുറന്നതും ഉള്ളിൽ പ്രവേശിച്ചതും. യുഎപിഎ, എൻഐഎ കേസുകളിലടക്കം പ്രതിയായവരെ പാർപ്പിക്കുന്ന അതിസുരക്ഷാ ജയിലിന്റെ ചരിത്രത്തിലെ ആദ്യത്തെ കലാപമാണിത്. ഭക്ഷണത്തിന്റെ അളവു കുറഞ്ഞു എന്നതിനെച്ചൊല്ലി ഒരുവിഭാഗം തടവുകാർ തമ്മിലാരംഭിച്ച അടിയാണു കലാപമായി വളർന്നത്. ഇരുനൂറോളം തടവുകാരുള്ളതിനാൽ ഇരുപത്തഞ്ചോളം പേരെയാണു ഭക്ഷണത്തിനായി ഒരേസമയം സെല്ലിനു പുറത്തിറക്കിയിരുന്നത്. 

ചേരിതിരിഞ്ഞുള്ള അടിക്കു ശേഷം ബാക്കിയുള്ളവർ സംഘടിച്ചു ജീവനക്കാർക്കു നേരെ തിരിഞ്ഞു. പരുക്കേറ്റ 3 ജീവനക്കാരിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കൊടി സുനിയടക്കം 5 തടവുകാരും ചികിത്സ തേടി. മുളകുപൊടിയേറിൽ പരുക്കേറ്റ സുനി ഒഴികെ മറ്റുള്ളവർ ആശുപത്രി വിട്ടു. ഇവരെ കാണാനെത്തിയ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബഹളമുണ്ടാക്കിയതായും വിവരമുണ്ട്. 

ഇതിനിടെ ജയിലിൽ മർദനമേറ്റെന്നുകാട്ടി തടവുകാർ നൽകിയ പരാതിയിൽ ജയിൽ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തേക്കും. സുരക്ഷാ വീഴ്ച സംഭവിച്ചു എന്ന കാരണത്താൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ സുരക്ഷാ വീഴ്ച സംഭവിക്കാനിടയുണ്ടെന്നു ജീവനക്കാർ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. 

കൊടി സുനി 

ഉൾപ്പെടെ 

10 പേർക്കെതിരെ

കേസ്

 അതിസുരക്ഷാ ജയിലിൽ തടവുകാർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ടു കൊടി സുനി അടക്കം 10 പ്രതികൾക്കെതിരെ വിയ്യൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ജയിലിനകത്തു കലാപത്തിന് ശ്രമം, വധശ്രമം, ജയിലധികൃതരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ്. പ്രതികളായ കൊല്ലം നെടുമംഗലം സ്വദേശി രഞ്ജിത്ത് ഉണ്ണി (കാട്ടുണ്ണി–35), കണ്ണൂർ നെടുമ്പ്രം ചൊക്ലി സ്വദേശി സുനിൽകുമാർ (കൊടി സുനി–41) എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞായിരുന്നു അക്രമം. 

  കേസിൽ രഞ്ജിത്ത് ഒന്നാം പ്രതിയും കൊടി സുനി അഞ്ചാം പ്രതിയുമാണ്. തിരുവനന്തപുരം വഞ്ചിയൂർ കുന്നുകുഴി അരുൺ ഗുണ്ടു (34), ചെറുവാമ്മൂട് സജു (സജു പൂച്ച– 32), കൊച്ചി പെരുമാൾപ്പടി മിബുരാജ് (35), മലപ്പുറം എടരിക്കോട് താജുദ്ദീൻ (35), കണ്ണൂർ തലശ്ശേരി കൊച്ചുപറമ്പിൽ ചിഞ്ജു മാത്യു (31), കൊല്ലം പത്തനാപുരം ടിട്ടു ജെറോം (30), എറണാകുളം എളമക്കര ഷഫീഖ് എപ്പി (38), ഇടുക്കി പീരുമേട് ജോമോൻ (40) എന്നിവരാണു മറ്റു പ്രതികൾ. 

സുനിയുടെ പരോൾ

റദ്ദായേക്കും

കൊടി സുനിയുടെ പരോൾ അടുത്തിരുന്നുവെങ്കിലും കേസിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കാൻ ജയിൽ വകുപ്പ് നടപടി തുടങ്ങി. 

  വിയ്യൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ വിലസിയിരുന്ന സുനിയുടെ സെല്ലിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഏതാനും മാസം മുൻപ് അതിസുരക്ഷാ ജയിലിലേക്കു മാറ്റിയത്. ഏകാന്ത സെല്ലിൽ കടുത്ത സുരക്ഷാ നിബന്ധനകൾക്കിടെ ജീവിക്കേണ്ടി വന്നതോടെ സുനി അസ്വസ്ഥനായിരുന്നു.

 തനിക്കു വധഭീഷണി ഉണ്ടെന്നും ജയിൽ മാറ്റണമെന്നും സുനി കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. നിരാഹാര സമരം നടത്ത‍ിനോക്കിയെങ്കിലും ഇതും ഫലം കണ്ടില്ല. 

 കണ്ണൂർ സെൻട്രൽ ജയിലിലേക്കു തന്നെ മാറ്റാൻ സുനി ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം. 

സുരക്ഷ പാളാൻ പാടില്ലാത്ത അതിസുരക്ഷാ ജയിൽ

മറ്റു ജയിലുകൾ പോലെയല്ല, വിയ്യൂർ അതിസുരക്ഷാ ജയിലിലെ ചെറിയ സുരക്ഷാ വീഴ്ച പോലും ഏറെ നിർണായകമാണ്.

  തീവ്രവാദ, രാജ്യദ്രോഹക്കേസുകളിലെ കൊടുംകുറ്റവാളികളാണ് ഇവിടത്തെ അന്തേവാസികളിലേറെയും. 9 ഏക്കറിൽ നിർമിച്ച മൂന്ന‍ു നിലക്കെട്ടിടത്തിൽ ആവശ്യത്തിനു ജീവനക്കാരില്ലെന്നതൊഴിച്ചാൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാണ്. സ്കാനർ വഴി പരിശോധിച്ച ശേഷമേ ജീവനക്കാരെയും തടവുകാരെയും സന്ദർശകരെയും ഉള്ളിൽ പ്രവേശിപ്പിക്കൂ. കയറുമ്പോഴ‍ും ഇറങ്ങുമ്പോഴും വിരൽ പഞ്ചിങ് നിർബന്ധം. തടവുകാർക്കു പരസ്പരം കാണാൻ കഴിയാത്ത വിധമാണു സെല്ലുകൾ. സന്ദർശകരെ കാണുന്നതു വിഡിയോ കോൺഫറൻസിങ് വഴി. എല്ലാ മുറികളിലും സിസിടിവിയുണ്ട്. ശുചിമുറി സൗകര്യവും ഉണ്ട്. തടവുകാരെ പുറത്തിറക്കുന്നതു ഭക്ഷണം കഴിക്കാൻ മാത്രം. 24 മണിക്കൂറും സുരക്ഷാ ഭടന്മാരുള്ള നിരീക്ഷണ ടവറുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com