ADVERTISEMENT

മുല്ലശേരി ∙  മതുക്കര വടക്ക് കോൾപ്പടവിൽ  മോട്ടർപ്പുര കുത്തിത്തുറന്ന്  ഒരു മാസത്തിനിടെ വീണ്ടും മോഷണം. നടുപന്തിയിലെ ഇരട്ട മോട്ടർപ്പുരകളിലൊന്നിലാണ് മോഷണം. പടവിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാന സബ്മേഴ്സിബിൾ മോട്ടറിന്റെ ചെമ്പ് കമ്പികളാണ് അറുത്തു മാറ്റിയത്. 2 ലൈനുകളിൽ നിന്നായി 24 മീറ്റർ ചെമ്പുകമ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. മീറ്ററിന് 5000 രൂപ വിലയുള്ള കമ്പിയായതിനാൽ ഇപ്പോഴത്തെ  നഷ്ടം 1.20 ലക്ഷമാണ്. കഴിഞ്ഞ മാസം 13ന് ഇതേ മോട്ടർപ്പുര കുത്തി തുറന്ന് 15 മീറ്റർ ചെമ്പു കമ്പി മോഷ്ടിച്ചിരുന്നു. ഇൗ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആരേയും പിടികൂടിയിട്ടില്ല. പിന്നീട് മറ്റൊരു മോട്ടർപ്പുരയിലെ ചെമ്പ് കമ്പി കൊണ്ടു വന്നാണ് മോട്ടർ പ്രവർത്തിപ്പിച്ചത്. ഇതാണ് വീണ്ടും കവർന്നത്. 

ഇതോടെ മോട്ടർ വീണ്ടും പ്രവർത്തനരഹിതമായി. കൃഷിയിറക്കി 35 ദിവസം പിന്നിട്ട പടവിലേക്ക് ഇപ്പോൾ‍ ഏറ്റവും  അധികം വെള്ളം പമ്പ് ചെയ്യേണ്ട സമയമാണ്. ചില സമയങ്ങളിൽ വെള്ളം വറ്റിക്കേണ്ടതുമുണ്ട്. ഇൗ സമയത്തു തന്നെ മോട്ടർ പ്രവർത്തിക്കായതോടെ കർഷകർ വലഞ്ഞു. വീണ്ടും പരാതി നൽകിയതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ അന്നകര വടക്ക് കോൾപ്പടവിൽ 10 എച്ച്പിയുടെ മോട്ടറും മതുക്കര തെക്ക്, പറപ്പൂർ സൊസൈറ്റി പടവ്, കരിമ്പാടം, തുടങ്ങിയ പടവുകളിൽ മോട്ടർപ്പുര കുത്തിത്തുറന്നു ചെമ്പ് കമ്പികളും കവർച്ച നടത്തിയിട്ടുണ്ട്. പക്ഷേ ഒന്നിലും മോഷ്ടാക്കളെ പിടികൂടിയിട്ടില്ല. രാത്രിയിൽ കവർച്ചക്കാരെ ഭയന്ന് മോട്ടർപ്പുരകളിൽ മോട്ടർ പ്രവർത്തിക്കുന്നതിനും രാത്രികാല കാവലിനും തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണെന്ന്  പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com