ജില്ലാ സ്കൂൾ കലോത്സവ തീയതികളിൽ മാറ്റം
Mail This Article
തൃശൂർ ∙ ഈ അധ്യയന വർഷത്തെ ജില്ലാ സ്കൂൾ കലോത്സവം തീയതികളിൽ മാറ്റം. നേരത്തെ 4നും 7, 8, 9 തിയതികളിലുമാണു കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ 4ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആദ്യ യോഗവും നടക്കുന്നതിനാൽ ആ ദിവസം ഒഴിവാക്കി 6, 7, 8, 9 തീയതികളിൽ കലോത്സവം നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.
സർക്കാരിന്റെ നവകേരള സദസ്സുകൾക്കനുസരിച്ചാണ് ആദ്യം 4, 7, 8, 9 തീയതികളിലേക്കു ക്രമീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾക്കായി ജില്ലയിലുള്ളതിനാൽ 5, 6 തീയതികളിലെ മത്സരങ്ങൾ ഒഴിവാക്കുകയായിരുന്നു. ജില്ലാ കലോത്സവം സ്കൂൾ പാർലമെന്റ് രൂപീകരണത്തെ ബാധിക്കാതിരിക്കാനാണു തീയതി മാറ്റിയത്. തൃശൂർ നഗരത്തിലെ ആറോളം വേദികളിലാണു ജില്ലാ സ്കൂൾ കലോത്സവം.
സ്കൂൾ പാർലമെന്റ് രൂപീകരിക്കുന്നതിനു സമയക്രമം പ്രഖ്യാപിച്ചു വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ആഴ്ചയാണ് ഉത്തരവിറക്കിയത്. ഡിസംബർ ഒന്നിനാണു തിരഞ്ഞെടുപ്പ്. പത്രിക പരിശോധന ഇന്നലെ പൂർത്തിയായി. ഇന്നു മത്സരരംഗത്തുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ ഒന്നിന് രാവിലെ 11 വരെയാണു വോട്ടെടുപ്പ്. തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ അതതു ക്ലാസ് മുറികളിൽ വോട്ടെണ്ണും. 4ന് പാർലമെന്റ് ഭാരവാഹികളെ തിരഞ്ഞെടുക്കും. അന്നുതന്നെ ആദ്യ സ്കൂൾ പാർലമെന്റ് യോഗവും നടക്കും.സ്കൂൾ പാർലമെന്റ് യോഗം നടക്കുന്നതിനാൽ ഡിസംബർ 4 ഒഴിവാക്കി: കലോത്സവം 6, 7, 8, 9 തീയതികളിൽ തൃശൂർ നഗരത്തിലെ വേദികളിൽ