ADVERTISEMENT

വടക്കാഞ്ചേരി ∙ചെപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും തുറന്ന പോരിന്. ചെപ്പാറയിലെ സാമൂഹിക വിരുദ്ധരുടെ ശല്യം നിയന്ത്രിക്കാനെന്ന പേരിൽ എല്ലാവരെയും ഉൾപ്പെടുത്തി രൂപീകരിച്ച ചെപ്പാറ സംരക്ഷണ സമിതിയുടെ മറവിൽ സ്ഥലത്തെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമം കോൺഗ്രസിനെ ചൊടിപ്പിച്ചു.  കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ഭൂമി പിടിച്ചെടുക്കാൻ ചെപ്പാറ സംരക്ഷണ സമിതിയുടെ പേരിൽ തെക്കുംകര പഞ്ചായത്ത് നടത്തുന്ന ശ്രമം അംഗീകരിക്കാനാവില്ലെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിലപാടെടുത്തു.    

സംരക്ഷണ സമിതിയിൽ നിന്ന് കോൺഗ്രസ് പ്രതിനിധികളെ പിൻവലിക്കുകയും ചെയ്തു. കയ്യേറ്റം ആരോപിച്ച് ഒരു കുടുംബത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സിപിഎമ്മുകാർ നടത്തിയ ആക്രമണത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വടക്കേടത്ത് ചിറയിൽ ജോബിയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. പതിറ്റാണ്ടുകളായി ജോബിയുടെ കൈവശമുള്ള സ്ഥലം തെക്കുംകര പഞ്ചായത്തിന്റേതാണ് എന്നായിരുന്നു സിപിഎം നിലപാട്. ജോബി കോൺഗ്രസ് അനുഭാവിയാണ്. ഇതോടെയാണു കോൺഗ്രസ് ഇടഞ്ഞത്. ചെപ്പാറയിലെ കയ്യേറ്റങ്ങൾക്കെതിരെ സംരക്ഷണ സമിതി കഴിഞ്ഞ ദിവസം മനുഷ്യച്ചങ്ങലയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

 വനഭൂമിയിൽ കൈവശ രേഖ ലഭിച്ച കുടിയേറ്റ കർഷകർക്കു പട്ടയം നിഷേധിക്കാനുള്ള സിപിഎം നീക്കം ശക്തമായി നേരിടുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 1977 നു മുൻപ് കൈവശമുള്ളതും കൈവശ രേഖ ലഭിച്ചതുമായ ഭൂമി അടുത്തകാലത്ത് കയ്യേറിയതാണെന്നു പറഞ്ഞ് കൃഷിഭൂമിയിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്ന് ഡിസിസി സെക്രട്ടറിമാരായ കെ.അജിത് കുമാർ, ഷാഹിദ റഹ്മാൻ, ജിജോ കുര്യൻ, പി.ജെ.രാജു, മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുറ്റപ്പെടുത്തി.    ചെപ്പാറയിൽ ടൂറിസം വികസനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടക്കുകയാണെന്ന ആരോപണവും കോൺഗ്രസ് സംഘം ഉന്നയിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന ശക്തമായ നിലപാടിലാണു തെക്കുംകര പഞ്ചായത്തും സിപിഎമ്മും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com