ADVERTISEMENT

ഗുരുവായൂർ ∙ദേവസ്വത്തിലെ ഏറ്റവും പ്രായം കൂടിയ ആന താര (ഗജ മുത്തശ്ശി) ചരിഞ്ഞു. 90 വയസ്സോള്ളമുള്ള താര 3 വർഷമായി  രോഗബാധിതയായിരുന്നു. ഒരു വർഷമായി രോഗശയ്യയിലും . ഇന്നലെ സന്ധ്യയോടെ പുന്നത്തൂർക്കോട്ടയിലായിരുന്നു അന്ത്യം.   മൃതദേഹം ഇന്നു രാവിലെ 10ന് സംസ്കരിക്കാനായി കോടനാട് വനത്തിലേക്കു കൊണ്ടു പോകും. 1957മേയ്  9ന്  കമല സർക്കസ് ഉടമ കെ.ദാമോദരനാണ് താരയെ നടയിരുത്തിയത്.

ഗജരാജൻ ഗുരുവായൂർ കേശവന്റെയും ഗജറാണി ലക്ഷ്മിക്കുട്ടിയുടെയും കാലത്ത് താരപദവിയോടെ എല്ലാവർക്കും പ്രിയപ്പെട്ട പിടിയാനക്കുട്ടിയായി. ദേവസ്വവും ആനപ്രേമി സംഘവും ചേർന്നു ഗജമുത്തശ്ശി പദവി നൽകി .  ആറുപതിറ്റാണ്ട്  ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ ഭാഗ്യമുണ്ടായി. കിടക്കാനാകാത്തതിനാൽ ഒരു വർഷമായി, ഇരുവശവും തേക്കിന്റെ കഴകൾ കെട്ടി മെത്ത കെട്ടി വച്ച് ചാരി നിന്ന് ഉറങ്ങാൻ സംവിധാനം ഒരുക്കിയിരുന്നു.

ചോറും ഇളം പനമ്പട്ടയും പുല്ലും ഭക്ഷണമായി നൽകി. ക്ഷീണം കുറയ്ക്കാൻ ഗ്ലൂക്കോസ് പോലുള്ള മരുന്നുകൾ മാത്രമാക്കി. ഇതു നൽകാനായി ഉയരത്തിൽ പ്ലാറ്റ്ഫോം കെട്ടിയുണ്ടാക്കുകയും ചെയ്തിരുന്നു.  ഇന്നലെയും ഡോ. കെ.വിവേക്, ഡോ. ചാരുജിത് നാരായണൻ, പാപ്പാന്മാരായ സി.ബി.സുധീർ, ഉദീഷ് എന്നിവർ ആനയ്ക്ക് ഗ്ലൂക്കോസും ക്ഷീണം അകറ്റാനുള്ള മരുന്നും നൽകിയിരുന്നു. കോഴിയെ കണ്ടാൽ പോലും പേടിച്ചോടുന്ന ആനയായിരുന്നു താരയെന്നു പഴമക്കാർ പറയുന്നു. ഒരിക്കൽ മണ്ഡലകാലത്ത് ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിച്ചു നിൽക്കെ താര പേടിച്ചോടി. 

തിടമ്പുമായി ചെന്ന് നിന്നത് പടിഞ്ഞാറെനടയിൽ. കീഴ്ശാന്തി അക്കാരപ്പിള്ളി നാരായണൻ നമ്പൂതിരിയായിരുന്നു, ആനപ്പുറത്ത്. മറ്റൊരിക്കൽ പുറം എഴുന്നള്ളിപ്പിനിടെ ആന ഓടി കുന്നംകുളത്തിനടുത്ത്  വെട്ടിക്കടവിൽ ചകിരിക്കുണ്ടിൽ വീണു താഴ്ന്നു പോയി. തുമ്പിക്കൈ മാത്രം മുകളിൽ കാണാവുന്ന വിധത്തിലായിരുന്ന ആനയെ ക്രെയിൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഗുരുവായൂർ ആനത്താവളം  തെക്കേനടയിലെ കോവിലകം പറമ്പിൽ നിന്ന് 1975 ജൂൺ 26ന് പുന്നത്തൂർ കോട്ടയിലേക്ക് മാറ്റി. അന്ന് ഗുരുവായൂർ കേശവൻ അടക്കം 19 ആനകളുടെ ഘോഷയാത്രയിൽ താരയ്ക്ക് പങ്കെടുക്കാനായില്ല. താര അന്ന് ശീവേലി ഡ്യൂട്ടിയിൽ ആയിരുന്നു. അന്നും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനായിരുന്നു, താരയ്ക്ക് നിയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com