399 പവൻ കവർന്ന കേസ്: ക്വട്ടേഷൻ തലവൻ അറസ്റ്റിൽ
Mail This Article
തൃശൂർ ∙ കൊക്കാലയിൽ ആഭരണനിർമാണശാലയിലെ ജീവനക്കാരെ ആക്രമിച്ചു 399 പവൻ സ്വർണം കവർന്ന കേസിൽ രണ്ടരമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ക്വട്ടേഷൻ സംഘത്തലവൻ അറസ്റ്റിൽ. എറണാകുളം കുറുപ്പംപടി സ്വദേശിയും കീരിക്കാടൻ ബ്രദേഴ്സ് എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ ലാലു ലിജോയെ (28) ആണു നിഴൽ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്. കൊല്ലം പാരിപ്പള്ളിയിൽ കനത്ത കാവലുള്ള വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വേട്ടനായ്ക്കളുടെ ഇനത്തിൽപ്പെട്ട രണ്ട് അമേരിക്കൻ പിറ്റ്ബുൾ നായ്ക്കളെ മുഴുവൻ സമയവും കാവലിനു നിയോഗിച്ചിരുന്നു.
സെപ്റ്റംബർ എട്ടിനു രാത്രിയിൽ തിരുവനന്തപുരത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ വിതരണം ചെയ്യാൻ പുറപ്പെട്ട രണ്ടു ജീവനക്കാരെ ആക്രമിച്ചാണു ലാലുവും സംഘവും 399 പവൻ സ്വർണം തട്ടിയെടുത്തത്. ലാലുവിന്റെ സഹോദരങ്ങളായ ലിന്റോ, ലിയോ എന്നിവരും ക്വട്ടേഷൻ സംഘത്തിൽ അംഗമാണെങ്കിലും ലിയോ ലഹരിമരുന്നു കേസിലും ലിന്റോ കവർച്ചാക്കേസിലും ജയിലിലാണ്. വിവിധ ജില്ലകളിൽ ഇവർക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ലാലുവിന്റെ സംഘത്തിലെ 4 പേരാണ് ഇതുവരെ കൊക്കാല കവർച്ചാക്കേസിൽ അറസ്റ്റിലായിട്ടുള്ളത്.
ഇവരടക്കം 19 പ്രതികളെ അറസ്റ്റ് ചെയ്യാൻ സിറ്റി പൊലീസിനായി. കവർച്ചയ്ക്കും ഇതിനു ശേഷം രക്ഷപ്പെടാനും പ്രതികൾ ഉപയോഗിച്ച 10 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സ്വർണാഭരണശാലയിലെ ജീവനക്കാരനായിരുന്ന ഒന്നാംപ്രതി ബ്രോൺസൺ, കവർച്ച ആസൂത്രണം ചെയ്ത മുഖ്യപ്രതി സിജോ ജോസ് എന്നിവരടക്കമുള്ള പ്രതികളിൽ പലരും നേരത്തെ പിടിയിലായിരുന്നു. അതേസമയം, ഒളിവിൽ കഴിയുന്ന രണ്ടു പ്രധാനികൾ കൂടി ഉടൻ പിടിയിലാകുമെന്നു സൂചനയുണ്ട്. ഇവരിലൊരാളുടെ കൈവശം ഒന്നരക്കിലോ സ്വർണമുണ്ടെന്നാണു സൂചന. എസിപി കെ.എ. തോമസ്, ഈസ്റ്റ് എസ്എച്ച്ഒ സി. അലവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.