ADVERTISEMENT

തൃശൂർ ∙ കേരളവർമ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് വിജയത്തിലൂടെ യൂണിയൻ നിലനിർത്തി എസ്എഫ്ഐക്കു ക്യാംപസിൽ റീ–എൻട്രി. ഇന്നലെ റീകൗണ്ടിങ്ങിന്റെ ഫലം പ്രഖ്യാപിക്കും മുൻപേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ക്യാംപസിലും പുറത്തും മുദ്രാവാക്യങ്ങളുമായി ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു. അവധി ദിനമായതിനാൽ എൻസിസി–എൻഎസ്എസ് വൊളന്റിയർമാർ അടക്കമുള്ള കുറച്ചു വിദ്യാർഥികൾ മാത്രമാണു ക്യാംപസിലുണ്ടായിരുന്നത്.   രാവിലെ 9ന് റീകൗണ്ടിങ് നടപടി ആരംഭിക്കുമ്പോൾ തന്നെ എസ്എഫ്ഐ പ്രവർത്തകർ കോളജിലെത്തിയിരുന്നു. തുടർന്നു കനത്ത പൊലീസ് സുരക്ഷയിൽ ഗേറ്റുകളടച്ച് കോളജിലേക്കു പ്രവേശനം നിയന്ത്രിച്ചു.

റീകൗണ്ടിങ്ങിന്റെ തത്സമയം വിവരശേഖരണത്തിനായി ഒട്ടേറെ മാധ്യമ സംഘങ്ങളും കോളജിലുണ്ടായിരുന്നു. വൈകിട്ടു മൂന്നോടെ വോട്ടെണ്ണൽ തുടങ്ങിയതോടെ എസ്എഫ്ഐ പ്രവർത്തകർ റീകൗണ്ടിങ് നടപടികൾ നടന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിലേക്കു സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ചു. തുടർന്നു നാലരയോടെ അന്തിമ ഫലമെത്തുകയും 3 വോട്ടുകൾക്കു ജയിച്ച ചെയർമാൻ സ്ഥാനാർഥി കെ.എസ്. അനിരുദ്ധനെ തോളിലേറ്റി പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. കഴിഞ്ഞ 30 വർഷത്തിലേറെയായി കോളജിലെ ചെയർമാൻ സ്ഥാനം എസ്എഫ്ഐക്കാണ്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഉറച്ച കോട്ടയായ കേരളവർമ കോളജ് നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് എസ്എഫ്ഐ.

എസ്എഫ്ഐ വിജയം ജനാധിപത്യപരമല്ല:നിയമോപദേശം തേടുമെന്നു കെഎസ്‌യു
തൃശൂർ ∙ കേരളവർമ കോളജിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമായി കാണാൻ കഴിയില്ലെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണു കേരളവർമയിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെഎസ്‌യു നേതൃത്വം നൽകിയത്. വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നാണു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. റീ കൗണ്ടിങ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളജിൽ ഉണ്ടെന്നു കരുതുന്നില്ലന്നും ഇതിലൂടെ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ ശ്രീക്കുട്ടനും വിദ്യാർഥികൾക്കും നീതി ലഭിക്കുമെന്നു കരുതുന്നില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇരുട്ടിന്റെ മറവിൽ നടന്ന ആദ്യ റീ കൗണ്ടിങ്ങിൽ  നേടിയ ഭൂരിപക്ഷം ഇപ്പോൾ എസ്എഫ്ഐക്കു നേടാനായില്ല. ആദ്യ വോട്ടെണ്ണലുകളിൽ അസാധുവായ വോട്ടുകളുടെ എണ്ണം 23 ആയിരന്നത് ഇപ്പോൾ 34 ആയി. എസ്എഫ്ഐ വിഹരിക്കുന്ന ക്യാംപസിൽ അവരുടെ സംരക്ഷണത്തിലിരുന്ന വോട്ടുപെട്ടികളിൽ കൃത്രിമം നടന്നു എന്നു തന്നെയാണു കെഎസ്‌യു കരുതുന്നത്. ഹൈക്കോടതി വരെ ഇടപെട്ട തിരഞ്ഞെടുപ്പിനെ വളരെ ലാഘവത്തോടെയാണു കോളജ് അധികൃതർ സമീപിച്ചത്. വ്യാജ ടാബുലേഷൻ ഷീറ്റ് നിർമിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com