ADVERTISEMENT

തൃശൂർ ∙ സർക്കാരിന്റെ നവകേരള സദസ്സുകൾക്ക് ഇന്നു ജില്ലയിൽ തുടക്കം. ഒരുക്കങ്ങൾ എല്ലാ മണ്ഡലങ്ങളിലും പൂർത്തിയായി. 7 വരെയാണു ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ സദസ്സുകൾ. ജനങ്ങളുടെ പരാതി സ്വീകരിക്കാനും മറുപടി നൽകാനും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. എംഎൽഎമാർ ഉൾപ്പെടെ ജനപ്രതിനിധികളും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സദസ്സുകളിൽ പങ്കെടുക്കും.

രണ്ടു പ്രഭാത സദസ്സുകൾ

മണ്ഡല സദസ്സുകളോടൊപ്പമുള്ള പ്രഭാത യോഗങ്ങൾ ജില്ലയിൽ രണ്ടിടത്തു നടക്കും. ആദ്യ ദിനമായ ഇന്നു മുളങ്കുന്നത്തുകാവ് കിലയിലും നാളെ തൃശൂർ ശക്തനിലെ ദാസ് കോണ്ടിനന്റൽ ഹോട്ടലിലുമാണു യോഗങ്ങൾ. സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും പ്രത്യേക ക്ഷണിതാക്കളുമാണു  പങ്കെടുക്കുക. ഇന്നത്തെ യോഗത്തിൽ ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങളിലെയും നാളെ നാട്ടിക, കയ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂർ, തൃശൂർ, ഒല്ലൂർ, ചാലക്കുടി, മണലൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടവർ ‍പങ്കെടുക്കും.

പരാതികൾക്കു  കൗണ്ടറുകൾ

ഓരോ മണ്ഡലം സദസ്സിലും ഇരുപതോളം പരാതി കൗണ്ടറുകളുണ്ടാകും. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുണ്ട്. സദസ്സു തുടങ്ങുന്നതിനു 3 മണിക്കൂർ മുൻപു നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. പൂർണ മേൽവിലാസം,ജില്ലാതല ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകർക്കു മറുപടി നൽകും. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും. 

ഇന്നത്തെ അവധി റദ്ദാക്കി 

തൃശൂർ ∙ നവകേരള സദസ്സിനോടനുബന്ധിച്ച് ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അനുവദിച്ച അവധി കലക്ടർ റദ്ദാക്കി. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് കലക്ടർ അറിയിച്ചു. ചേലക്കര നവകേരള സദസ്സിന്റെ വേദിയായ ചെറുതുരുത്തി ജിഎച്ച്എസ്എസിലെ കുട്ടികൾക്കു പരിപാടി പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ഉത്തരവിലുണ്ട്.

കലാവിരുന്ന് 

തൃശൂർ ∙ നവകേരള സദസ്സിന്റെ വേദികളിൽ ആകർഷണമായി ഇന്നു വൈവിധ്യമേറിയ കലാപരിപാടികൾ. ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ ചെറുത്തുരുത്തി ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഇന്നു രാവിലെ 9ന് സംഗീതശിൽപം അവതരിപ്പിക്കും. 9.30നു ‘പടച്ചോന്റെ ചോറ്’ നാടകം അരങ്ങേറും. 10നു മരംകൊട്ടു പാട്ട് അവതരിപ്പിക്കും. വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന ആരോഗ്യ സർവകലാശാല മൈതാനത്തെ വേദിയിൽ ഉച്ചയ്ക്ക് ഒന്നിനു തേക്കിൻകാട് ബാൻഡും  ആട്ടം കലാസമിതിയും ചേർന്നൊരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, ഡബ്ബ ബീറ്റ് ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവ നടക്കും. കുന്നംകുളത്തെ വേദിയായ ചെറുവത്തൂർ ഗ്രൗണ്ടിൽ ഉച്ചയ്ക്കു 2നു പോർക്കുളം ടീമിന്റെ തിരുവാതിര, സംഗീതനിശ എന്നിവ അരങ്ങേറും. ചാവക്കാട് ബസ് സ്റ്റാൻഡ് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വൈകിട്ട് 4.30ന് പഞ്ചവാദ്യം, 5ന് മാപ്പിളപ്പാട്ട്, രാത്രി 8 മുതൽ ചേർത്തല രാജേഷ് നയിക്കുന്ന ഓടക്കുഴൽ ഫ്യൂഷൻ എന്നിവ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com