കിട്ടുമോ ഇവർക്ക് നവ വസതികൾ
Mail This Article
ചേലക്കര∙ ജീവിത സായാഹ്നത്തിൽ തല ചായ്ക്കാൻ സുരക്ഷിതമായ ഒരു വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തെണ്ടൻകാവ് അന്ത്രോഡ് സരസ്വതിയും (84) ലക്ഷ്മിക്കുട്ടിയും (65) നവകേരള സദസ്സിൽ പരാതിയുമായെത്തിയത്. പഞ്ചായത്തിൽ ജനപ്രതിനിധികൾ മുഖേന അപേക്ഷ നൽകിയിട്ടു വർഷങ്ങളായെങ്കിലും ഇതുവരെയും സഹായം ലഭിച്ചില്ല. 40 വർഷം മുൻപ് ഭർത്താവു മരിച്ചു പോയ സരസ്വതിയും 7 വർഷം മുൻപ് ഭർത്താവ് മരിച്ചു പോയ ലക്ഷ്മിക്കുട്ടിയും അടുത്തടുത്ത വീടുകളിൽ തനിച്ചാണു താമസം. സരസ്വതിയുടെ സഹോദരന്റെ ഭാര്യയാണു ലക്ഷ്മിക്കുട്ടി.
ഗ്രാമത്തിലെ വീടുകളിൽ പണിക്കു പോയാണു സരസ്വതി ഉപജീവനം നടത്തുന്നത്. പ്രായാധിക്യം മൂലം ഇപ്പോൾ പണിയെടുക്കാൻ പറ്റാതായി. തൊഴിലുറപ്പു തൊഴിലാളിയാണു ലക്ഷ്മിക്കുട്ടി. കാലപ്പഴക്കം കൊണ്ട് ഇരുവരുടെയും വീടുകൾ നാശാവസ്ഥയിലാണ്. ചിതലെടുത്തു തകർന്ന മരഉരുപ്പടികളും വീണ്ടുകീറി നാശമായ ചുവരുകളും തറയുമാണു വീടുകളുടേത്. നവകേരള സദസ്സിൽ പരാതി നൽകിയാലെങ്കിലും സുരക്ഷിതമായ വീടിന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും ശാരീരിക അവശതകൾ കണക്കാക്കാതെ പരാതിയുമായെത്തിയത്.