ADVERTISEMENT

പാലക്കൽ ∙ മാർക്കറ്റ് പരിസരത്തെ കാർമൽ സ്റ്റോഴ്സിൽ മോഷണവും 2 കടകളിൽ ഷട്ടറുകൾ പൊളിച്ച് മോഷണ ശ്രമവും. അഞ്ജലി മെഡിക്കൽസ്, പ്ലാനറ്റ് ബേക്കറി എന്നിവിടങ്ങളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.  ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണു മോഷണമെന്നു സമീപത്തെ കടയുടെ മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. മുഖം മറച്ച ഒരാൾ  കൊത്തി ഉപയോഗിച്ച് ഷട്ടറുകൾതകർക്കുന്നതാണു ദൃശ്യം. കാർമൽ സ്റ്റോഴ്സിൽ നിന്ന് കവർന്ന 8000 രൂപ സമീപത്തെ പറമ്പിൽ നിന്നു വ്യാപാരികൾ കണ്ടെടുത്തു. സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ നീക്കങ്ങൾ നോക്കി വ്യാപാരികൾ നടത്തിയ പരിശോധനയിലാണു പണം കണ്ടെത്തിയത്.

പൂട്ടുകൾ തകർക്കാൻ ഉപയോഗിച്ച കൊത്തി ഇവിടെ ഉപേക്ഷിച്ചിരുന്നു. പ്ലാനറ്റ് ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് തകർക്കുന്ന ശബ്ദം കേട്ട് സമീപത്തെ  സഹകരണ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരൻ പ്രമോദ് ബഹളം വച്ചിരുന്നു.  തുടർന്ന് മോഷ്ടാവ് പണം ഉപേക്ഷിച്ച് ഓടിപ്പോയതാണെന്നു കരുതുന്നു. വ്യാപാരികൾ പൊലീസിൽ പരാതി നൽകി.  രണ്ടാഴ്ച മുൻപ് തായംകുളങ്ങര ജംക്‌ഷനിലെ മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് മോഷണം നടന്നിരുന്നു. അന്നു തന്നെ തായംകുളങ്ങര ക്ഷേത്രം ഭണ്ഡാരം തകർത്തും സിഎൻഎൻ സ്കൂൾ ഓഫിസ് പൂട്ടും തകർത്തും മോഷണം നടന്നിരുന്നു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ ഹാർഡ് ഡിസ്ക് അന്ന് മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.  2 ദിവസം മുൻപ് ചക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിലും ഭണ്ഡാരം തകർത്ത് മോഷണം നടന്നു. ഇവിടെ നിന്നു സിസിടിവി ക്യാമറ മോഷ്ടാക്കൾ കൊണ്ടുപോയെങ്കിലും ക്ഷേത്രത്തിലെ മറ്റൊരു ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com