കണ്ണീരേയുള്ളൂ, കുടിക്കാൻ; ശുദ്ധജലമില്ലാതെ പെരുമ്പാറ ഊരിലെ ആദിവാസികൾ
Mail This Article
മലക്കപ്പാറ ∙ മഴ നിലച്ചു നീർച്ചാലുകൾ വറ്റിയതോടെ പെരുമ്പാറ ഊരിലെ 74 ആദിവാസി കുടുംബങ്ങൾ ശുദ്ധജലത്തിനു നെട്ടോട്ടമോടുന്നു. ജലനിധി പദ്ധതി നിലച്ചതോടെയാണു ജലക്ഷാമം രൂക്ഷമായത്. കഴിഞ്ഞ വർഷം ബ്ലോക്ക് പഞ്ചായത്ത് 11.5 ലക്ഷം രൂപം കുടിവെള്ള പദ്ധതിക്ക് അനുവദിച്ചിരുന്നതായി ഊരുമൂപ്പൻ മോഹനൻ പറയുന്നു. ഇതിനോടനുബന്ധിച്ച് പട്ടിക വർഗ സഹകരണ സംഘത്തിന്റെ കിണറിൽ കോൺക്രീറ്റ് റിങ് ഇറക്കിയതോടെ ഉറവ അടഞ്ഞു.
കിണറിൽ വെള്ളം കുറഞ്ഞ് പമ്പിങ് മുടങ്ങിയിട്ട് മാസങ്ങളായി. ഊരിലേക്കു പുതിയ പൈപ്പ് ഇടുന്നതിനു പകരം പഴയവ അറ്റകുറ്റപ്പണി നടത്തുക മാത്രമാണു ചെയ്തതെന്ന് ആരോപണമുണ്ട്. ഊരുമൂപ്പൻ ലീഗൽ സർവീസ് അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജലനിധി പദ്ധതി പുനരാരംഭിച്ച് പൈപ്പിടൽ 100 മീറ്റർ മാത്രം ബാക്കി നിൽക്കേ, മരാമത്ത് വകുപ്പിന്റെ ഇടപെടൽ മൂലം നിലയ്ക്കുകയായിരുന്നുവെന്ന് ഊരുമൂപ്പൻ പറയുന്നു.