ADVERTISEMENT

തൃശൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കിരീടപ്പോരാട്ടത്തിൽ 601 പോയിന്റുമായി കുന്നംകുളം ഉപജില്ല ഒന്നാം സ്ഥാനത്ത്. 591 പോയിന്റുമായി തൃശൂർ വെസ്റ്റ് ഉപജില്ല രണ്ടാമതും 590 പോയിന്റുമായി ചാലക്കുടി മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 201 പോയിന്റുമായി മതിലകം സെന്റ് ജോസഫ്സ് എച്ച്എസ് ലീഡ് നിലനിർത്തി. 169 പോയിന്റു നേടിയ ചെന്ത്രാപ്പിന്നി ഗവ.എച്ച്എസ്എസാണ് രണ്ടാമത്. 139 പോയിന്റുമായി കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇഎംഎച്ച്എസ് മൂന്നാം സ്ഥാനത്തുണ്ട്. കലോത്സവം ഇന്നു സമാപിക്കും.

തുടങ്ങാൻ വൈകി,  വൈകാതെ തർക്കം 
തൃശൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം വേദികളിൽ നിറഞ്ഞു നിന്നതു തർക്കങ്ങളും ബഹളവും. ഇതോടൊപ്പം മിക്ക വേദികളിലും മത്സരങ്ങൾ മണിക്കൂറുകളോളം വൈകി.  പ്രധാന വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി ഹൈസ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഇന്നലെയും തർക്കമുണ്ടായി. വേദിയിൽ 9 മുതൽ വയലിൻ പാശ്ചാത്യ സംഗീതമായിരുന്നു മത്സരം. എന്നാൽ  ഉദ്ഘാടനച്ചടങ്ങു നടക്കുന്നതിനാൽ മത്സരം നീട്ടിവച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഫ്യൂഷൻ സംഗീതവും ഒരുക്കിയിരുന്നു.

 ഹൈസ്ക്കൂൾ വിഭാഗം ബാന്റ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ പടിഞ്ഞാറെക്കോട്ട സെന്റ് ആൻസ് സ്കൂൾ ടീം.
ഹൈസ്ക്കൂൾ വിഭാഗം ബാന്റ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ പടിഞ്ഞാറെക്കോട്ട സെന്റ് ആൻസ് സ്കൂൾ ടീം.

ഉദ്ഘാടന ശേഷം പി.ബാലചന്ദ്രൻ എംഎൽഎയും മറ്റും  വേദി വിട്ടതിനു ശേഷം അരങ്ങേറിയ ഫ്യൂഷൻ സംഗീതത്തിനിടെയാണു തർക്കമുണ്ടായത്.  12 മണിയായിട്ടും ഫ്യൂഷൻ സംഗീതം തുടരുന്നതു രാവിലെ മുതൽ കാത്തിരുന്ന മത്സരാർഥികൾക്കും അധ്യാപകർക്കും രസിച്ചില്ല. അവരിൽ ചിലർ  ബഹളമുണ്ടാക്കി. ഇതോടെ  ഭാരവാഹികളിൽ ഒരാൾ സംഗീതം നിർത്താൻ ആവശ്യപ്പെട്ടു. ഇതോടെ  തർക്കവും ബഹളവുമായി. 

വിവേകോദയം ബോയ്സ് സ്കൂളിലെ സംസ്ഥാനതല വിജയികളായ വൃന്ദവാദ്യ സംഘത്തെയാണു ഫ്യൂഷൻ സംഗീതം അവതരിപ്പിക്കാനായി സംഘാടകർ ക്ഷണിച്ചത്. മുൻകൂട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്ത സംഗീത പരിപാടി നടത്താനെത്തിയ കുട്ടികളെ അപമാനിച്ച് ഇറക്കി വിട്ടതാണു തർക്കമായത്. പൊലീസ് ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.  പിന്നീട് 12.30നാണു വയലിൻ മത്സരം തുടങ്ങിയത്. 

വിധികർത്താക്കളെ മാറ്റി: മാർഗം കളിയിലും തർക്കം
തൃശൂർ ∙  ചെണ്ടമേളം, നാടൻപാട്ട് മത്സരങ്ങളിലും വിധികർത്താക്കളെ മാറ്റി. വിവേകോദയം ബോയ്സ് എച്ച്എസ്എസിലെ വേദിയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം വിധികർത്താവിനെയും മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ വേദിയിൽ നാടൻപാട്ട് വിധികർത്താവിനെയുമാണു മാറ്റിയത്. രാവിലെ നടന്ന ചെണ്ട, തായമ്പക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർഥിയുമായി

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഫ്യൂഷൻ സംഗീത പരിപാടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഫ്യൂഷൻ സംഗീത പരിപാടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം.

വിധികർത്താവിന് അടുത്ത ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി മറ്റു മത്സരാർഥികളും രക്ഷിതാക്കളും തർക്കമുണ്ടാക്കിയതോടെയാണു തുടർന്നുള്ള ചെണ്ടമേളത്തിൽ നിന്നു മാറ്റിയത്. പകരം വിധികർത്താവിനെ വരുത്തിയാണ് മത്സരം  തുടങ്ങിയത്.  ജ‍‍ഡ്ജിങ് പാനലിലെ തർക്കമാണു നാടൻപാട്ട് വേദിയിൽ കല്ലുകടിയായത്. മത്സരം തുടങ്ങും മുൻപേ വേദിയിൽ മത്സരാർഥികളും രക്ഷിതാക്കളും തർക്കവുമായി എത്തി. ജ‍‍ഡ്ജിങ് പാനലിലെ ഒരു വിധികർത്താവിനെതിരായ ആരോപണമായിരുന്നു കാരണം.

അധിക പ്രസംഗം 
തൃശൂർ∙ കുട്ടികളെ കോണിച്ചുവട്ടിലിരുത്തി യുപി വിഭാഗം മലയാള പ്രസംഗ മത്സരം. സ്കൗട്ട് ഭവനിൽ നടന്ന മലയാള പ്രസംഗ മത്സരത്തിന് പങ്കെടുക്കുന്ന മത്സരാർഥികളെ റൂമിൽ ഇരുത്തേണ്ടതിനു പകരമാണ് കോണിച്ചുവട്ടിൽ ഇരുത്തിയത്. അഞ്ച് മിനിട്ട് മുൻപ് വിഷയം കൊടുത്ത് 5 മിനിട്ട് പ്രസംഗിക്കുന്നതാണ് മത്സരം. ‍ പ്രസംഗിക്കുന്നതിന് മുന്നെ മറ്റുള്ളവരുടെ പ്രസംഗം കേൾക്കാൻ പാടില്ലെന്നുള്ളതാണ് മത്സരത്തിലെ പ്രധാന നിയമം.

അതിനുവേണ്ടിയാണ് മുഴുവൻ മത്സരാർത്ഥികളെയും ഒരു മുറിയിലേക്ക് മാറ്റി ഇരുത്തുന്നത്. ഇതിനു പകരമായാണ് കുട്ടികളെ കോണിച്ചുവട്ടിൽ ഇരുത്തിയത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. അതേ സമയം ഒന്നാം നമ്പർ പ്രസംഗിക്കുന്നത് എല്ലാ കുട്ടികളും കേൾക്കുകയും ചെയ്തു. അത്രക്കും അടുത്തായാണ് ഇവരെ കോണിച്ചുവട്ടിൽ ഇരുത്തിയത്.  മാലിന്യ നിർമാർജനം എന്നതായിരുന്നു യുപി വിഷയം.

ഹൈസ്കൂൾ വിഭാഗം നാടകത്തിൽ നിന്ന്.
ഹൈസ്കൂൾ വിഭാഗം നാടകത്തിൽ നിന്ന്.

വൈകിത്തുടങ്ങി, റദ്ദാക്കി 
തൃശൂർ ∙  എച്ച്എസ്എസ് വിഭാഗം ചവിട്ടു നാടക മത്സരം റദ്ദാക്കി. ഈ 
മത്സരം ഇന്ന്  10ന് സെന്റ് ക്ലയേഴ്സ് എച്ച്എസ്എസ് സ്റ്റേജിൽ നടത്തും. രാത്രി 10. 30നാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നത്. ചവിട്ടുനാടകത്തിനു മേക്കപ്പണിഞ്ഞു മത്സരാർഥികൾ കാത്തിരുന്നതു 4 മണിക്കൂർ.  മുഖത്തെ ചായം വിയർപ്പിൽ അലിഞ്ഞ ശേഷമാണു പലരും മത്സരിച്ചത്. 1.30നു തുടങ്ങുമെന്നു കരുതി ഒരുങ്ങി വന്നവർ ഇനിയും 3 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുമെന്നറിഞ്ഞതും വിഷമത്തിലായി.

സെന്റ് ക്ലയേഴ്സ് സ്കൂളിലെ വേദി 2ൽ ഇന്നലെ നടന്ന ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം മത്സരമാണു 3 മണിക്കൂറോളം വൈകിയത്. ഉച്ചയ്ക്ക് 1.30നു ഹൈസ്കൂൾ വിഭാഗം മത്സരവും 2നു ഹയർ സെക്കൻഡറി വിഭാഗം മത്സരവും തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.  വേദിയിൽ രാവിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന്റെ മാർഗംകളി മത്സരമായിരുന്നു. അതും വൈകിയാണു തുടങ്ങിയത്. 11നു തുടങ്ങേണ്ട മാർഗംകളി 2.30നു തുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com