ADVERTISEMENT

തൃപ്രയാർ ∙ ഭഗവാന്റെ പാദങ്ങളെ തഴുകിയൊഴുകുന്ന 'ശ്രീപ്രിയ ആറിന്റെ' ഭാഷാന്തരീകരണമാണു തൃപ്രയാർ എന്നാണു വിശ്വാസം. വൃശ്ചിക മാസത്തെ കറുത്തപക്ഷത്തിൽ വരുന്ന ഏകാദശിയാണു ശ്രീരാമ ക്ഷേത്രത്തിൽ ആഘോഷിക്കുന്നത്. പിതൃപക്ഷവും ദേവപക്ഷവുമായി ഏകാദശിയെ തരംതിരിക്കാം. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠ ശംഖു, ചക്ര, ചാപ, അക്ഷമാല എന്നിവ ധരിച്ചുള്ളതാണ്. ശുംഖ്, ചക്രം എന്നിവ വിഷ്ണുവിനെയും ചാപം ശിവ ചൈതന്യത്തെയും അക്ഷമാല ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നു.

ബ്രഹ്മ, വിഷ്ണു, മഹേശ്വര സാന്നിധ്യമുള്ളതാണു തൃപ്രയാർ ക്ഷേത്രം. സൃഷ്ടി, സ്ഥിതി, സംഹാരം സങ്കൽപ്പമുള്ള ശ്രീരാമനെ തൊഴുതാൽ ത്രിമൂർത്തികളെ തൊഴുതതിന്റെ ഫലം ലഭിക്കും. വിഷ്ണുവിന്റെ പൂർണ അവതാരമാണു ശ്രീരാമ അവതാരം. ഭഗവാന്റെ വലതും ഇടതുമായി ശ്രീഭഗവതിയെയും ഭൂമിദേവിയെയും കാണാം. ദ്വാദശിനാളിൽ ഭഗവത് ദർശനത്തിനു ശേഷം വ്രതം അവസാനിപ്പിക്കും. 

വിഷ്ണുമായയും ഹനുമാനും
തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠകളില്ലാത്ത 2 ദൈവിക ചൈതന്യങ്ങളാണു വിഷ്ണുമായയും ഹനുമാനും. വിഷ്ണുമായയും ശാസ്താവും ശൈവ-വൈഷ്ണവ ശക്തികളുടെ സമ്മേളനമാണ്. 'കണ്ടേൻ സീതയെ ..’ എന്ന ഹനുമദ് വാക്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടത്തെ വെടി വഴിപാട്. മണ്ഡപത്തിലെ അംഗുലീയാങ്കം ചാക്യാർ കൂത്തും പ്രസിദ്ധമാണ്. ഹനുമാൻ വേഷത്തിലാണു കൂത്ത് അവതരിപ്പിക്കുന്നത്. 

ഹയഗ്രീവാസുരൻ തട്ടിക്കൊണ്ടുപോയ വേദങ്ങളെ വീണ്ടെടുക്കുന്നതിനു മഹാവിഷ്ണു മത്സ്യരൂപത്തിൽ അവതരിച്ചു. ആ മത്സ്യാവതാരത്തെ പൂജിക്കുന്ന വഴിപാടാണ് മീനൂട്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണിത്. പിതൃ പ്രീതിക്കായുള്ള വഴിപാടായും കണക്കാക്കുന്നു. രാമബാണം ലക്ഷ്യവേദിയാണ്. ലക്ഷ്യത്തിലെത്താതെ അതു തിരിച്ചുവരില്ല. ലക്ഷ്യം സഫലീകരിക്കുന്നതിനു ശ്രേഷ്ഠമാണ് അമ്പും വില്ലും സമർപ്പണം.

നന്മയിലേക്കു തിരിച്ചുവരാൻ ഏകാദശി വ്രതം
തൃപ്രയാർ ∙  ഇന്നാണു ഭക്തർ കാത്തിരുന്ന ഏകാദശി. ഏറ്റവും ശ്രേഷ്ഠമായതെന്നാണ് ഏകാദശി വ്രതത്തെ കണക്കാക്കുന്നത്. വിധിപോലെ ഏകാദശി വ്രതമനുഷ്ഠിച്ചാൽ വിഷ്ണുസ്വരൂപം തന്നെ ലഭിക്കുമെന്നു ഗരുഢ പുരാണത്തിൽ പറയുന്നു. പതിനൊന്ന് എന്ന അർത്ഥമാണ് ഏകാദശിക്ക്. ശരീരത്തിലെ 11 ഇന്ദ്രിയങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാം. തിന്മയിൽ നിന്നു നന്മയിലേക്കു തിരിച്ചുകൊണ്ടുവരാൻ ഏകാദശി വ്രതം സഹായിക്കുന്നു. 

കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലുമായി ഒരു വർഷം 24 ഏകാദശികളുണ്ട്. ദേവസ്വരൂപത്തെ ധ്യാനിച്ച് ഉപവാസമനുഷ്ഠിച്ച് ഉറക്കമൊഴിച്ച് രാത്രി മുഴുവൻ ഭഗവത് സ്മരണയിൽ ക്ഷേത്രാങ്കണത്തിൽ കഴിച്ചുകൂട്ടണം. സാധിക്കുമെങ്കിൽ മൗനവ്രതവുമാകാം. പിറ്റേന്നു ദ്വാദശി കഴിയുന്നതിനു 2 നാഴികയ്ക്കുള്ളിൽ ഏകാദശി വ്രതം അവസാനിപ്പിക്കണം. സത്യം, ധർമം  എന്നിവയാൽ ഏതു പ്രതിസന്ധികളെയും തരണംചെയ്യുന്നതിന് ഏകാദശീവ്രതം സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com