മാലിന്യം നിറഞ്ഞു; ചാലക്കുടി നഗരത്തിൽ ഒഴുകുന്ന പള്ളിത്തോട്ടിൽ ഒഴുക്കു നിലച്ചു
Mail This Article
ചാലക്കുടി ∙ നഗരമധ്യത്തിലൂടെ ഒഴുകുന്ന പള്ളിത്തോട്ടിൽ മാലിന്യം നിറഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തു രൂക്ഷമായ ദുർഗന്ധവുമുണ്ട്. മാർക്കറ്റിൽ നിന്നുള്ള മത്സ്യ, മാംസ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളാണ് തോട്ടില്‍ അടിഞ്ഞതെന്നു നഗരസഭ സ്വതന്ത്ര കൗൺസിലർമാരായ വി.ജെ.ജോജി, ടി.ഡി.എലിസബത്ത് എന്നിവർ ആരോപിച്ചു. തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യം പറയൻതോട്ടിലേക്കും അതുവഴി ചാലക്കുടിപ്പുഴയിലേക്കുമാണ് എത്തിച്ചേരുന്നത്.
പള്ളിത്തോട്ടിൽ മാസങ്ങളായി ശുചീകരണം മുടങ്ങി കിടക്കുകയാണെന്നും പരാതിയുണ്ട്. കാടും പടലും നിറഞ്ഞു പള്ളിത്തോടിന്റെ പല ഭാഗങ്ങളും കാണാനാവാത്ത അവസ്ഥയാണിപ്പോൾ. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും തോട്ടിലേക്കു തുറന്നു വിടുന്നതായും പരാതിയുണ്ട്. എസ്എച്ച് കോൺവന്റ് റോഡിൽ പള്ളിത്തോടിന്റെ വശങ്ങളിലും റോഡിന്റെ ഇരുഭാഗത്തും മാലിന്യം തള്ളിയതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കുമ്പോഴും പള്ളിത്തോട് ശുചീകരിക്കാൻ തയാറാകാത്തതിലും പ്രതിഷേധം ശക്തമാണ്.