ADVERTISEMENT

പരിയാരം ∙ മൂന്നു കോടിയിലധികം രൂപ മുടക്കി രണ്ടു വർഷം മുൻപ് പ്രതീക്ഷകളോടെ ഉദ്ഘാടനം ചെയ്ത ബനാന ആൻഡ് വെജിറ്റബിൾ പാക്ക് ഹൗസ് പൂട്ടിക്കിടക്കുന്നു. വേളൂക്കര പ്രദീപ്നഗറിലാണു വിഎഫ്പിസികെ കൊട്ടിഘോഷിച്ച് പാക്ക് ഹൗസ് സ്ഥാപിച്ചത്. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. നാട്ടിൻപുറത്തെ കർഷകരുടെ ഏത്തക്കായ ഉൾപ്പെടെ പച്ചക്കറികൾ ന്യായ വില നൽകി ശേഖരിച്ചു ശീതീകരിച്ച കേന്ദ്രത്തിൽ സംഭരിച്ച് വിദേശത്തേക്കു കയറ്റുമതി നടത്താൻ ലക്ഷ്യമിട്ടാണ് സ്ഥാപനം സ്ഥാപിച്ചത്. വ്യക്തിയുടെ സ്ഥലം ലേലത്തിനെടുത്ത് കെട്ടിടം ഒരുക്കി. യന്ത്രങ്ങൾ എത്തിക്കുകയും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. 

2015ലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കെട്ടിടത്തിനു പഞ്ചായത്തിന്റെ എൻഒസി ലഭിക്കാത്തതാണു പ്രവർത്തനം ആരംഭിക്കാത്തതിനു തടസ്സമെന്നാണ് വിഎഫ്പിസികെ അധികൃതരുടെ വിശദീകരണം. കെട്ടിടം നിർമിക്കുന്ന സമയത്ത് തൊട്ടടുത്ത പറമ്പിൽ നിന്ന് കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റർ വേണമെന്നായിരുന്നു ചട്ടം. എന്നാൽ എൻഒസിക്ക് അപേക്ഷ സമർപ്പിക്കുന്ന സമയമായപ്പോൾ ചട്ടം ഭേദഗതി ചെയ്തു. അര മീറ്റർ കൂടി ദൂരമുണ്ടെങ്കിൽ മാത്രമേ എൻഒസി നൽകാനാകൂ എന്നു പഞ്ചായത്തും അറിയിച്ചു. ഇതോടെ പൂട്ടിയിട്ട കെട്ടിടം പിന്നീട് പ്രവർത്തനക്ഷമമാക്കാൻ നടപടികളൊന്നും ഉണ്ടായില്ല.

വിദേശത്തു നിന്നുൾപ്പെടെ ഒട്ടേറെ പേർ കെട്ടിടം ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ച് സ്ഥലത്തെത്തിയെങ്കിലും അനുകൂല നടപടികളുണ്ടായില്ല. കെട്ടിടവും പരിസരവും കാടു മൂടി കിടക്കുകയാണിപ്പോള്‍.  ഉദ്ഘാടന ദിവസം ഏറ്റെടുത്ത രണ്ട് ലോഡ് പച്ചക്കായ കയറ്റുമതി നടത്തിയതു മാത്രമാണ് കെട്ടിടം നിർമിച്ച ശേഷം നടന്ന പ്രവർത്തനം. സ്ഥലമുടമയ്ക്ക് മാസം 7000 രൂപയാണ് പാട്ട തുകയായി നൽകുന്നത്. 15 വർഷമാണ് പാട്ടക്കാലാവധി. 7 വർഷം കൂടി കഴിഞ്ഞാൽ കെട്ടിടംസ്ഥലമുടമയ്ക്കു തിരിച്ചേൽപ്പിക്കേണ്ടി വരും.

പ്രദേശവാസികൾ ഒട്ടേറെ പേർക്ക് തൊഴിലും കർഷക മേഖലയായ പരിയാരം, അതിരപ്പിള്ളി, കോടശേരി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്ക് പച്ചക്കറികൾക്ക് മികച്ച വിപണിയും ലഭിക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ശ്മശാന തുല്യമാണിപ്പോൾ. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങളും ശീതീകരണിയും ഇതുവരെ പ്രവർത്തിപ്പിക്കാത്തു കാരണം തുടർന്നു പ്രവർത്തിപ്പിക്കാനാകുമോയെന്നും ഉറപ്പില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com