ADVERTISEMENT

പെരുമ്പിലാവ് ∙ പെരുമ്പിലാവിലെയും അക്കിക്കാവിലെയും ജംക്‌ഷനുകളിൽ എത്തുന്ന ചെറിയ വാഹനങ്ങളും റോഡിന് കുറുകെ  കടക്കുന്ന യാത്രക്കാരും സംസ്ഥാനപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ദയാവായ്പിനു കാത്തു നിൽപു തുടങ്ങിയിട്ട്  8 മാസങ്ങൾ പിന്നിടുന്നു. സുഗമമായ ഗതാഗതത്തിനു വേണ്ടി ഈ ജംക്‌ഷനുകളിൽ സ്ഥാപിച്ച സിഗ്നലുകൾ നിലച്ചതാണു കാരണം. ഈ കാലത്തിനുള്ളിൽ ഒട്ടേറെ പരാതികളും നിവേദനങ്ങളും സമർപ്പിച്ചെങ്കിലും അധികൃതർ അനങ്ങിയിട്ടില്ല. സിഗ്നൽ സംവിധാനം ഇല്ലാതായതോടെ അക്കിക്കാവ് മുതൽ വടക്കോട്ട് 3 കിലോമീറ്ററിനുള്ളിൽ ഇരു സംസ്ഥാനപാതകളിലും അപകടങ്ങൾ ഇരട്ടിച്ചു. അപകടങ്ങൾ വർധിച്ചതു പരിശോധിക്കാൻ മോട്ടർ വകുപ്പിലെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും സിഗ്നലിന്റെ കാര്യത്തിൽ അവരും കണ്ണടച്ചു. കുന്നംകുളത്തു നിന്നും പാലക്കാട്ടേക്കു പോകുന്ന വാഹനങ്ങൾ പെരുമ്പിലാവ് ജംക്‌ഷനിൽ നിന്നാണു മറ്റൊരു സംസ്ഥാനപാതയിലേക്കു തിരിയേണ്ടത്. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളുടെ ഒഴുക്കു നിലയ്ക്കും വരെ ജംക്‌ഷനിൽ കാത്തുനിൽക്കേണ്ട ഗതികേടാണ് ഇപ്പോഴെന്നു ഡ്രൈവർമാർ പറയുന്നു. പെരുമ്പിലാവ് സെന്ററിലെ 2 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികളടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടിലാണ്. ചെറിയ അപകടങ്ങൾ ദിനംപ്രതി നടക്കുന്നുണ്ട്.

അക്കിക്കാവ് ബൈപാസ് ജംക്‌ഷനിൽ നിന്നും സംസ്ഥാനപാതയിലേക്കു കയറുന്ന വാഹനങ്ങളും ദുരിതത്തിലാണ്. ഇടവും വലവും നോക്കാതെ പായുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മുന്നിലേക്കാണു പലപ്പോഴും എത്തിപ്പെടുക. വലിയ അപകടങ്ങൾ തലനാരിഴയ്ക്കാണു ഒഴിവാകുന്നതെന്നു ജംക്‌ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. ഒരു വർഷം മുൻപു വരെ കെൽട്രോണിനായിരുന്നു അറ്റകുറ്റപ്പണിയുടെ ചുമതല. കരാർ പുതുക്കൽ ഇതുവരെ നടന്നിട്ടില്ലെന്നാണു വിവരം. പരസ്യ ഏജൻസികൾക്കു കരാർ കൈമാറിയെന്നും പരസ്യത്തിൽ നിന്നുള്ള വരുമാനം അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കും എന്നും പറഞ്ഞിരുന്നു. രണ്ടു സിഗ്നലുകളുടെ മുകളിലും പരസ്യങ്ങൾ തൂക്കിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾക്ക് ആരും എത്തിയിട്ടില്ല. വലിയ അപകടങ്ങൾക്കു വേണ്ടി കാത്തുനിൽക്കാതെ അധികൃതർ ഉടൻ കണ്ണു തുറക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com