ഒച്ചു ഭീഷണിയിൽ വെറ്റിലപ്പാറ
Mail This Article
വെറ്റിലപ്പാറ ∙ മേഖലയിൽ കാർഷിക വിളകൾക്കു ഭീഷണിയായി ആഫ്രിക്കൻ ഒച്ച് പെരുകുന്നു. റബർ മരങ്ങളിലും വാഴകളിലും കാണപ്പെടുന്ന ഒച്ചുകൾക്ക് വലുപ്പം കൂടുതലാണെന്ന് കർഷകർ പറയുന്നു. പറമ്പുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഒച്ചുകൾ ഇപ്പോൾ വീടുകളുടെ ചുമരുകളിലും മതിലുകളിലേക്കും വ്യാപിച്ചു തുടങ്ങി. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. ഒരു ഒച്ചിൽ നിന്ന് 100ലധികം മുട്ടകളാണ് പുറത്തു വരുന്നത്. ആദ്യം വെള്ള നിറത്തിൽ കാണപ്പെടുന്ന മുട്ടകൾ പിന്നീട് മഞ്ഞ നിറമായി മാറുന്നതായി പറയുന്നു. നശിച്ച് പോകുന്ന ഒച്ചുകളുടെ പുറംതോട് ചില പറമ്പുകളിൽ ആകമാനം ചിതറിയ നിലയിലാണ്.
എന്നാൽ രാസവളം പ്രയോഗിക്കുന്ന കൃഷിയിടങ്ങളിൽ ഇവയുടെ ആക്രമണം കുറവുണ്ടെന്നാണ് സൂചന. പ്രളയത്തിനു ശേഷമാണ് ഇവയുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നത്. വേനൽ ശക്തമാകുന്നതോടെ ഇവ തണുപ്പുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി നീങ്ങും. ജല സ്രോതസ്സുകളുടെ സമീപം ഇവ കൂട്ടമായി എത്തുന്നതിനാൽ ശുദ്ധജലം മലിനമാകുന്നതായും പറയുന്നു. ചത്ത ഒച്ചുകളിൽ നിന്നും രൂക്ഷമായ ദുർഗന്ധം പരക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയിൽ ആഫ്രിക്കൻ ഒച്ച് കടുത്ത ഭീഷണിയാണ്.