ADVERTISEMENT

തൃശൂർ ∙ കരുവന്നൂരിനു പിന്നാലെ അഴിമതിയുടെ കരിനിഴലിലായ തുമ്പൂർ സഹകരണ ബാങ്കിൽ കേസുകൾ നടത്താനെന്ന പേരിൽ മാത്രം ചെലവാക്കിയതു 10 ലക്ഷത്തോളം രൂപ. സഹകരണ റജിസ്ട്രാറുടെ ഉത്തരവിനു വിരുദ്ധമായി പൊതുനന്മ ഫണ്ടിൽ നിന്നു പണമെടുത്താണു കേസുകൾ നടത്തിയത്. 2018ൽ മാത്രം 9.73 ലക്ഷം രൂപ കേസ് നടത്തിപ്പിനു ചെലവാക്കി. ഈ തുക ഭരണസമിതി അംഗങ്ങളിൽ നിന്നും മുൻ സെക്രട്ടറിയിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. 2018ൽ കൊറ്റനെല്ലൂരിൽ ബാങ്കിന്റെ വകയായി നിർമിച്ച കെട്ടിടത്തിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് 50,000 രൂപ വക്കീൽഫീസ് ഇനത്തിൽ നൽകിയെന്ന് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

റജിസ്ട്രാറുടെ അനുമതി ലഭിക്കാതെ വന്നപ്പോൾ കോടതി വഴി അനുമതി വാങ്ങാനായിരുന്നു ശ്രമം. ബാങ്കിൽ നടത്തിയ തിരഞ്ഞെടുപ്പിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച വകയിൽ കേസ് നടത്തിപ്പിനു ചെലവായതും 50,000 രൂപ. ബാങ്കിലെ തട്ടിപ്പുകൾ കണ്ടെത്താൻ ജോയിന്റ് റജിസ്ട്രാർ സഹകരണ നിയമത്തിലെ 66ാം വകുപ്പുപ്രകാരം അന്വേഷണം നടത്തിയപ്പോൾ ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങാൻ നടത്തിയ കേസിനു ചെലവായത് 5.50 ലക്ഷം രൂപ. ഈ തുകയത്രയും ഭരണസമിതി അംഗങ്ങളടക്കമുള്ള പ്രതികളെ ബാധ്യതയായി കണക്കാക്കി ഇവരിൽ നിന്നു തിരിച്ചുപിടിക്കാനാണു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവ്. എന്നാൽ, ഇതിനെതിരെയും പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com