ADVERTISEMENT

തൃശൂർ ∙ സേലം–കൊച്ചി ദേശീയപാത 544–ലെ കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ കോൺക്രീറ്റിങ് പൂർത്തിയാക്കാൻ വേണ്ടിവരിക മാസങ്ങൾ. തുരങ്കത്തിന്റെ ഉൾഭാഗത്തു കമാനാകൃതിയിൽ ഉരുക്കു പാളികൾ ഘടിപ്പിച്ച്, കോൺക്രീറ്റ് ഇടുന്ന ‘ഗാൻട്രി കോൺക്രീറ്റിങ്’ ആണു നടത്തുന്നത്.  ഇതിനായി തുരങ്കത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന 10 കൂറ്റൻ ബ്ലോവറുകളും നടപ്പാതയിലെ ഇരുമ്പു കൈവരികളും ഇതിനകം അഴിച്ചു മാറ്റിയിട്ടുണ്ട്. 

കുതിരാൻ തുരങ്കത്തിനുള്ളിൽ സ്ഥാപിക്കാനുള്ള മേൽകവചം ഗാൻഡ്രിയുടെ നിർമാണം പുരോഗമിക്കുന്നു.
കുതിരാൻ തുരങ്കത്തിനുള്ളിൽ സ്ഥാപിക്കാനുള്ള മേൽകവചം ഗാൻഡ്രിയുടെ നിർമാണം പുരോഗമിക്കുന്നു.

ഇതോടൊപ്പം ഇടതു ഭാഗത്തെ ലൈറ്റുകളും അതിലേക്കുള്ള കേബിളുകളും അഴിച്ചുതുടങ്ങി. ഇവ അഴിച്ചുമാറ്റിയാൽ മാത്രമേ കമാന രൂപത്തിലുള്ള വലിയ ഹൈഡ്രോളിക് ഗാൻട്രി സംവിധാനം തുരങ്കത്തിനുള്ളിൽ കടത്തി കോൺക്രീറ്റിങ് നടത്താൻ കഴിയൂ. തുരങ്കത്തിനു പുറത്തു ഗാൻട്രിയുടെ വെൽഡിങ് ജോലികളും പുരോഗമിക്കുകയാണ്.

ഇവയെല്ലാം പൂർത്തിയായി അടുത്താഴ്ച കോൺക്രീറ്റിങ് തുടങ്ങാൻ കഴിയുമെന്നാണു കരുതുന്നത്. ഇരുമ്പുപാലം മുതൽ വഴുക്കുംപാറ വരെ കുതിരാൻ തുരങ്കത്തിന്റെ ആകെ നീളം ഏകദേശം 950 മീറ്ററാണ്. ഇതിൽ ഗാൻട്രി കോൺക്രീറ്റിങ് ചെയ്യേണ്ട ദൂരം 490 മീറ്ററും. 30 ഇഞ്ച് കനത്തിലാകും കോൺക്രീറ്റ് ഇടുക. 

തുരങ്കത്തിന്റെ മുകൾ ഭാഗത്ത് പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ് ആർച്ചുകൾ പാകി വെൽഡ് ചെയ്തു ദൃഢപ്പെടുത്തുന്ന ജോലികളും ആർച്ചുകൾക്കു മീതെ കംപ്രസർ ഉപയോഗിച്ചു കോൺക്രീറ്റിങ് അടക്കമുള്ള ജോലികളുമാണു ചെയ്യുക. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയാകുന്നതിനു മുൻപു തന്നെ ഗതാഗതത്തിനു തുറന്നു നൽകിയതാണു തിരിച്ചടിയായത്. ഈ തുരങ്കത്തിനുള്ളിലെ മുകൾ ഭാഗത്തെ കോൺക്രീറ്റിങ് അര കിലോമീറ്റർ മാത്രമാണു നടത്തിയത്. 

∙ കൃത്യം എത്ര നാൾ?
കോൺക്രീറ്റിങ് അടക്കമുള്ള ജോലികൾ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്രയും ദൈർഘ്യമേറിയ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയാക്കി, തുരങ്കം 4 മാസത്തിനുള്ളിൽ ഗതാഗതത്തിനു തുറന്നു നൽകാൻ കഴിയുമോ എന്ന ആശങ്ക യാത്രക്കാർക്കുണ്ട്. നേരത്തെ 2 ഗാൻട്രികൾ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ ഒരു ഗാൻട്രി സംവിധാനം മാത്രമാണു ഹിമാചലിൽ നിന്നു കുതിരാനിൽ എത്തിച്ചിരിക്കുന്നത്.

2 ഗാൻട്രികളുണ്ടെങ്കിൽ രണ്ടറ്റത്തു നിന്നും കോൺക്രീറ്റിങ് ജോലികൾ ആരംഭിച്ച്, അറ്റകുറ്റപ്പണി വേഗത്തിലാക്കാമായിരുന്നു. നിലവിലുള്ള ഗാൻട്രി ഉപയോഗിച്ച് കോൺക്രീറ്റിങ് നടത്തി, അത് ഉറച്ച ശേഷം മാത്രമേ അടുത്ത ഭാഗത്ത് കോൺക്രീറ്റിങ് നടത്താനാകൂ. 9 മീറ്ററാണു ഗാൻട്രിയുടെ നീളം. കോൺക്രീറ്റിങ് ഉറയ്ക്കാൻ ചുരുങ്ങിയതു 2 ദിവസം വേണ്ടിവരും. ഇതു കണക്കിലെടുത്താൽ 490 മീറ്റർ കോൺക്രീറ്റിങ് ചെയ്യാൻ മാസങ്ങളെടുക്കും. ഗാൻട്രിയുടെ ആർച്ച് (കമാനം) ഘടന പൂർത്തിയായിട്ടുണ്ട്. അടുത്താഴ്ച റെയിൽ സ്ഥാപിച്ച് തുരങ്കത്തിനുള്ളിലേക്ക് ഗാൻട്രി കടത്തും.

∙ ഒറ്റവരി ഗതാഗതം
ഗാൻട്രി കോൺക്രീറ്റിങ്ങിനായി തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടച്ചുള്ള ഗതാഗത നിയന്ത്രണമാണു നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്ടേക്കുള്ള തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഏതെങ്കിലും വാഹനം കേടുപാടുവന്നു തുരങ്കത്തിനുള്ളിൽ കുടുങ്ങിയാൽ വൻ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ട്. 

ഒരു തുരങ്കം വഴിയുള്ള ഗതാഗതം വേനലവധിക്കാലത്ത് വൻ യാത്രാത്തിരക്കിനും കാരണമാകുമെന്ന ആശങ്കയുമുണ്ട്. വഴക്കുംപാറ മേൽപാതയുടെ സംരക്ഷണഭിത്തി തകർന്നതോടെ കഴിഞ്ഞ ജൂൺ മുതൽ മേൽപാലത്തിന്റെ മൂന്നു വരി പൂർണമായും അടച്ചായിരുന്നു അറ്റകുറ്റപ്പണി. അടുത്തിടെ മേൽപാലം തുറന്നതോടെ യാത്രക്കാർ ആശ്വാസത്തിലായിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും തുരങ്കം അടച്ചത്. 

റോഡ് പൂട്ടിയാലും ടോളിന് മാറ്റമില്ലേ !
മാസങ്ങളോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ദേശീയപാതയിലെ ടോൾ പിരിവ് ആനുപാതികമായി കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുതിരാൻ തുരങ്കത്തിന്റെയും മേൽപാലത്തിന്റെയും ഉപയോഗമില്ലാത്തതിനാൽ ടോൾ പിരിവിന്റെ 65 ശതമാനം വെട്ടിക്കുറയ്ക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്. 

പൂർണമായും സജ്ജമായ റോഡിൽ യാത്ര ചെയ്യാനാണു ടോൾ നൽകുന്നതെന്നും അല്ലാത്ത പക്ഷം ടോൾ പിരിക്കാൻ അനുമതി നൽകരുതെന്നുമാണാവശ്യം. ടോൾ പിരിവിന്റെ 65 ശതമാനം തുരങ്ക നിർമാണ ഫണ്ടിലേക്കാണു പോകുന്നതെന്നാണു കരാർ കമ്പനിയുടെ വാദം. എന്നാൽ സുഗമമായ യാത്രയ്ക്കു സൗകര്യമൊരുക്കാതെ ടോൾ പിരിക്കുന്നത് അനീതിയാണെന്നു സ്ഥിരം യാത്രക്കാരും ബസുടമകളും ചൂണ്ടിക്കാണിക്കുന്നു. 

തുരങ്കത്തിലെ അറ്റകുറ്റപ്പണി കഴിയുന്നതുവരെ ടോൾ നിർത്തിവയ്ക്കണമെന്നു വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 6 ട്രിപ്പുകളുള്ള തൃശൂർ–പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകൾ ദിവസേന 1650രൂപയാണു ടോൾ നൽകുന്നത്. തുടർച്ചയായി ഗതാഗതതടസ്സം വരുന്ന സാഹചര്യത്തിൽ ടോൾ പിരിവു നിർത്തണമെന്നാവശ്യപ്പെട്ടു പന്നിയങ്കര മണിമല എസ്റ്റേറ്റ് പാർട്നർ ജോർജ് ഫിലിപ്പാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com