ADVERTISEMENT

കൊടുങ്ങല്ലൂർ ∙ കുമാരനാശാന്റെ ‌മരണത്തിനു കാരണമായ, പല്ലനയാറ്റിൽ അപകടത്തിൽപെട്ട റെഡീമർ ബോട്ടിന്റെ ഓർമകൾ ഇന്നും സൂക്ഷിക്കുന്നുണ്ട് കൊടുങ്ങല്ലൂരിലെ പഴമക്കാർ. കോട്ടപ്പുറത്ത് നമ്പൂതിരിമഠത്തിൽ ഹാജി കെ.സീതി മുഹമ്മദ് ആരംഭിച്ച വാട്ടർ ട്രാൻസ്പോർട്ട് കമ്പനിയുടെ ആ ബോട്ട് ഇന്നില്ല. 1924ലെ അപകടത്തിനു ശേഷം കോട്ടപ്പുറം - എറണാകുളം റൂട്ടിൽ പെരിയാറിന്റെ കൈവഴിയിലെ ഓളപ്പരപ്പിൽ കമാൽ എന്ന പേരിൽ ബോട്ട് ഏറെ നാൾ സർവീസ് നടത്തിയിരുന്നു. ഹാജി കെ.സീതി മുഹമ്മദിനു ശേഷം ബോട്ടിന്റെ നടത്തിപ്പുച്ചുമതല മകൻ സബ് ജഡ്ജി കെ.എം.മുഹിയുദീൻ ഏറ്റെടുത്തു. അക്കാലത്ത് മറ്റൊരു അപകടത്തിലുംപെട്ടു ഈ ബോട്ട്. കെ.എം.മുഹിയുദീന്റെ മകൻ ഡോ. മുഹമ്മദിന്റെ വിവാഹത്തിന് അഴീക്കോട് നിന്നു കൊല്ലത്തേക്കുള്ള യാത്രയിലാണ് കമാൽ ബോട്ട് അപകടത്തിൽപെട്ടത്. 

1955ലായിരുന്നു ഇതെന്നു മുഹമ്മദിന്റെ സഹോദരൻ മുഹമ്മദ് അസ്‌ലം ഓർക്കുന്നു. എതിരെ വന്ന ബോട്ടുമായി കൂട്ടിയിടിച്ചെങ്കിലും ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു. ബോട്ടിൽ കെ.എം.മുഹിയുദീന്റെ സഹോദരി മറിയുമ്മയും ഭർത്താവ് പ്രമുഖ സിപിഐ നേതാവ് മൊയ്തീൻ കാട്ടകത്തും ഉണ്ടായിരുന്നതായി ഇവരുടെ മകൻ എംഇഎസ് അസ്മാബി കോളജ് സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് കെ.എം.നവാസ് ഓർക്കുന്നു. പിന്നീട് മേത്തല കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തിൽ കെ.എം. മുഹിയുദീൻ ജഡ്ജിയുടെ വീട്ടുവരാന്തയിൽ ബോട്ട് കൊണ്ടുനിർത്തിയതും 5 വയസ്സുള്ളപ്പോൾ അത് കാണാൻ പോയതും കവി ബക്കർ മേത്തലയുടെ ഓർമയിൽ ഉണ്ട്. ബോട്ടിന്റെ അവശിഷ്ടങ്ങൾ ഏറെ നാൾ മേത്തലയിലെ തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നതായി കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തിൽ തറവാട്ടിലെ പുതുതലമുറയും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com