ADVERTISEMENT

മേലൂർ ∙തെരുവുവിളക്കുകളുടെ അധികരിച്ച വൈദ്യുതി ബിൽത്തുക അടയ്ക്കുന്നതു സംബന്ധിച്ച വിഷയത്തിൽ കെഎസ്ഇബിയും പഞ്ചായത്തും തമ്മിലുള്ള തർക്കത്തിനിടെ ജനം കൂരിരുട്ടിൽ. തെരുവുവിളക്കുകളുടെ മീറ്റർ കേടായ കാലങ്ങളിൽ നൽകിയ ബിൽ തുക കുറവാണെന്നു കാട്ടി കെഎസ്ഇബി നൽകിയ ഷോർട് അസസ്സ്മെന്റ് ബിൽ പ്രകാരമുള്ള തുക പഞ്ചായത്ത് അടക്കാതിരുന്നതോടെ 3 പ്രധാന റോഡുകളിലെ തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരിയിരിക്കുകയാണ്.

ഓഡിറ്റ് ഒബ്ജക്‌ഷൻ ചൂണ്ടിക്കാട്ടിയാണ് നേരത്തെ അടച്ച തുകയെക്കാൾ അധിക തുക ഈടാക്കുവാനായി കെഎസ്ഇബി തീരുമാനിച്ചത്. എന്നാൽ മീറ്റർ കേടായ കാലങ്ങളിൽ കെഎസ്ഇബി നൽകിയ ബിൽ പ്രകാരമുള്ള തുക പഞ്ചായത്ത് അടച്ചതായും അധികരിച്ച ബിൽ തുകയടയ്ക്കുന്നത് ഓഡിറ്റ് ഒബ്ക്‌ഷൻ ഉണ്ടാക്കുമെന്നും പഞ്ചായത്ത് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും പഞ്ചായത്തധികൃതർ പറയുന്നു. 2021 ഒക്‌ടോബർ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നിലവിൽ ഫ്യൂസ് ഊരിയ റോഡുകളിലെ തെരുവുവിളക്കുകളുടെ മീറ്റർ കേടായി. തൊട്ടടുത്ത ദിവസങ്ങളിൽ മാറ്റിവയ്ക്കുകയും ചെയ്തു. കേടായ കാലയളവുകളിലെ ഉപയോഗത്തോത് പ്രതിമാസ ശരാശരി ഉപയോഗത്തിനെക്കാൾ കുറഞ്ഞ യൂണിറ്റാക്കിയാണ് ബിൽ നൽകിയതെന്നും ഓഡിറ്റിങ്ങിൽ ഇതു കണ്ടെത്തുകയും ചെയ്തിരുന്നു. 

മെഴുകുതിരി കത്തിച്ച്  പ്രതിഷേധിച്ചു
മേലൂർ∙തെരുവുവിളക്കുകളുടെ അധികരിച്ച ബിൽ തുകയടക്കാത്തതിനെ തുടർന്ന് വിളക്കു കാലുകളുടെ ഫ്യൂസ് ഊരിയ റോഡിൽ മെഴുകി തിരികളുമേന്തി നാട്ടുകാരുടെ പ്രതിഷേധം. പതിനാലാം വാർഡിലെ കെ.കെ.റോഡിലാണ് പഞ്ചായത്തംഗം റിൻസി രാജേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ മെഴുകുതിരികളുമായി യാത്ര ചെയ്ത് പ്രതിഷേധിച്ചത്. ഈ മേഖലയിലെ സ്നേഹനഗർ റസിഡന്റ്സ് അസോസിയേഷൻ പരിസരത്തെയും ഫ്യൂസ് ഊരിയിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ടി.ഡേവിസ്, മുൻ പഞ്ചായത്തംഗം രാജേഷ് മേനോത്ത്, റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മോഹൻദാസ് തെരോപ്പിള്ളി, ടോമിഅമ്പൂക്കൻ, ഹരിദാസ് അതിയാരത്ത്, ബിജോയ് ദേവസി,റോസ് മേരി,പി.പി.കുഞ്ഞുമോൻ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com