ADVERTISEMENT

വടക്കേകാട് ∙ തലയെടുപ്പിന്റെ തമ്പുരാൻമാരും ലക്ഷണത്തിലും ചന്തത്തിലും ഒപ്പത്തിനൊപ്പം പോന്ന കേമൻമാരും ചമയം കെട്ടി അണി നിരന്നതോടെ അഞ്ഞൂർ പാർക്കാടി പൂരം ആവേശമായി. 36 ആനകളാണ് കൂട്ടിഎഴുന്നള്ളിപ്പിൽ അണിനിരന്നത്. വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ പഞ്ചാരി മേളത്തോടെയാണ് ദേവസ്വം പൂരം എഴുന്നള്ളിച്ചത്. പൂതൃക്കോവിൽ പാർഥസാരഥി ദേവിയുടെ തിടമ്പേറ്റി. തുടർന്നു പഞ്ചവാദ്യം, ചെണ്ട മേളം, നാഗസ്വരം എന്നിവയുടെ അകമ്പടിയോടെ കമ്പനിപ്പടി, അഞ്ഞൂർ, ചിറ്റഞ്ഞൂർ, ചെറുവത്താനി, തൊഴിയൂർ, നമ്പീശൻ പടി, തെക്കേപ്പുറം, ആലത്തൂർ തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള പൂരങ്ങൾ ക്ഷേത്രം വലംവച്ചു. പാടവും റോഡും വരമ്പും തിങ്ങിനിറഞ്ഞ പൂരപ്രേമികൾ ആർപ്പുവിളികളോടെയാണ് ആനകളെ സ്വീകരിച്ചത്. 

തുടർന്ന് നൂറോളം വാദ്യകലാകാരൻമാർ സംഗമിച്ച പാണ്ടിമേളത്തിന്റെ അകമ്പടിയിൽ കൂട്ടിഎഴുന്നള്ളിപ്പ് ആരംഭിച്ചു. മേളത്തിന് ആവേശം പകരാൻ ആയിരങ്ങളാണ് പാടത്തു നിറഞ്ഞത്.  വൈകിട്ട് നാടൻ കലാരൂപങ്ങളായ തിറ, തെയ്യം, കരിങ്കാളി എന്നിവ വടക്കൻ വാതിക്കൽ ആടിത്തിമർത്തു. സന്ധ്യക്ക് കേളി, തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി മേജർസെറ്റ് പഞ്ചവാദ്യം എന്നിവയും ഉണ്ടായി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് തന്ത്രി പന്തലംകോട് സജി, മേൽശാന്തി തോട്ടപ്പായ ശങ്കരൻ നമ്പൂതിരി, സജീഷ് തോട്ടപ്പായ എന്നിവർ കാർമികരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com