ADVERTISEMENT

കൊരട്ടി ∙ കുടുംബവഴക്കിനെത്തുടർന്നു ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയും രണ്ടു മക്കളെ ഗുരുതരമായി വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത ശേഷം ഗൃഹനാഥൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ നിലയിൽ. സാൻജോ നഗറിൽ വാടകയ്ക്കു താമസിക്കുന്ന കുഴുപ്പിള്ളി ബിനു (38) ആണു ഭാര്യ ഷീജയെ (38) കൊലപ്പെടുത്തിയത്. മക്കളായ അഭിനവ് (11), അനുഗ്രഹ (5) എന്നിവരെയും ബിനു വെട്ടിയെങ്കിലും നിലവിളിച്ചു പുറത്തേക്കോടിയ ഇരുവരും ചോരയൊലിക്കുന്ന നിലയിൽ സമീപത്തെ ഉത്സവപ്പറമ്പിൽ ഓടിയെത്തി നാട്ടുകാരോടു വിവരം പറയുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചു.

അമ്മയെ അച്ഛൻ അപായപ്പെടുത്തുന്നത് കണ്ടാണ് ഉണർന്നത്: കുട്ടികളുടെ മൊഴി
അമ്മയെ അച്ഛൻ അപായപ്പെടുത്തുന്നതുകണ്ടാണ് ഉറക്കത്തിൽ നിന്ന‍ുണർന്നതെന്ന് കുട്ടികൾ‌ ആശുപത്രിയിൽ പൊലീസിനു മൊഴിനൽകി.കിടക്കയിൽ നിന്നെഴുന്നേറ്റ് അഭിനവും അനുജത്തി അനുഗ്രഹയും ബിനുവിനെ തടയാൻ ശ്രമിച്ചെങ്കിലും ബിനു കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചെന്നും മൊഴിയിലുണ്ട്. പരുക്കേറ്റു നിലത്തുവീണ അഭിനവ് അനുജത്തിയെയും കൂട്ടി വീടിനു പുറത്തേക്കോടി.

കഴുത്തിലെ മുറിവു കൈകൊണ്ടു പൊത്തിപ്പിടിച്ചു കുടുംബക്ഷേത്രത്തിലേക്കെത്തി ബന്ധുക്കളോടു വിവരം പറയുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ കുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. കൊരട്ടി എംഎഎംഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. ചർച്ച് എൽപി സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് അനുഗ്രഹ.

ഷീജയുടെ കഴുത്തിൽ 6 വലിയ മുറിവുകളുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കുട്ടികൾക്കും കഴുത്തിനാണു പരുക്ക്. ഡിവൈഎസ്പി ടി.എസ്.സിനോജ്, എസ്എച്ച്ഒ ബി.കെ.അരുൺ, എസ്‌ഐ ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ കെ.ആർ.സുമേഷ്, റെയ്‌മോൾ ജോസ്, വർഗീസ് പയ്യപ്പിള്ളി എന്നിവരും സ്ഥലത്തെത്തി.

English Summary:

The children said that they woke up when their father was endangering their mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com