വിനായകിന്റെ മരണം: തുടരന്വേഷണം നടത്താൻ പ്രത്യേക കോടതി ഉത്തരവ്
Mail This Article
തൃശൂർ ∙ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ് വിനായക് ജീവനൊടുക്കിയെന്ന കേസിൽ തുടരന്വേഷണത്തിനു കോടതി ഉത്തരവ്. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനും കാലതാമസം നേരിട്ടാൽ രേഖാമൂലം അറിയിക്കാനും ക്രൈംബ്രാഞ്ചിനു തൃശൂർ എസ്‌സി/എസ്ടി അതിക്രമം തടയൽ പ്രത്യേക കോടതി നിർദേശം നൽകി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം നീതിപൂർവം അന്വേഷിച്ചില്ലെന്നും ദൃക്സാക്ഷി മൊഴികൾ അവഗണിച്ചെന്നും വിനായകിന്റെ പിതാവ് കോടതിയിൽ ബോധിപ്പിച്ചു. കോടതിയുടെ മേൽനോട്ടത്തിലാണു തുടരന്വേഷണം. 2017 ജൂലൈ 18നാണ് ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണന്റെ മകൻ വിനായകിനെ (18) വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ തലേന്നു പാവറട്ടി മധുക്കരയിൽ സുഹൃത്തായ പെൺകുട്ടിക്കൊപ്പം സംസാരിച്ചുകൊണ്ടു നിന്ന വിനായകിനെ പാവറട്ടി പൊലീസ് പിടികൂടുകയും പ്രദേശത്തുണ്ടായ ഒരു മാലമോഷണം ആരോപിച്ചു ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു കുടുംബത്തിന്റെയും കേസ് നടത്തുന്ന ദലിത് സമുദായ മുന്നണിയുടെയും ആരോപണം. വിനായകിനെയും സുഹൃത്ത് ശരത്തിനെയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ, മർദനത്തിൽ മനംനൊന്തു ജീവനൊടുക്കിയതാണെന്നു പിതാവ് പരാതി നൽകിയതോടെ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായിരുന്ന ശ്രീജിത്ത്, കെ. സാജൻ എന്നിവരെ സസ്പെൻഡ് ചെയ്തു. വിനായകിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ തെളിവായി 5 മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അഡ്വ. പി.കെ.വർഗീസ്, അഡ്വ. ധനേഷ് മാധവൻ എന്നിവർ വാദിഭാഗത്തിനായി ഹാജരായി.