ADVERTISEMENT

തൃശൂർ ∙ സഹകരണ സംഘങ്ങളിലെ തട്ടിപ്പുകൾ തടയാൻ നടപ്പാക്കുന്ന ടീം ഓഡിറ്റ് സംവിധാനം തുടക്കത്തിൽ തന്നെ അട്ടിമറിക്കാൻ ശ്രമമെന്നു സൂചന. കോട്ടയം ജില്ലയിൽ ടീം ഓഡിറ്റിനായി രൂപീകരിച്ച മൂന്നംഗ ഓഡിറ്റർമാരുടെ സംഘത്ത‍ിനെ ഏൽപിച്ചതു 98 സഹകരണ സ്ഥാപനങ്ങളുടെ പരിശോധനാ ചുമതല. എന്നാൽ, ഭരണാനുകൂല സംഘടനാംഗങ്ങൾക്കും സ്വാധീനമുള്ളവർക്കും പത്തിൽ താഴെ സംഘങ്ങളുടെ ചുമതല മാത്രം.

മറ്റു പല ജില്ലകളിലും സമാന പ്രശ്നം ജീവനക്കാർ ജോയിന്റ് റജിസ്ട്രാർമാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തു സംഘടനകളുടെ സമ്മർദം മൂലം ടീം ഓഡിറ്റ് നടപ്പാക്കിയിട്ടുമില്ല. അപ്രായോഗികമെന്നു വിലയിരുത്തി ടീം ഓഡിറ്റ് സംവിധാനം അട്ടിമറിക്കാനും കരുവന്നൂർ മോഡൽ തട്ടിപ്പുകൾ തുടരാനുമുള്ള രാഷ്ട്രീയ നീക്കമാണിതെന്നു സൂചനയുണ്ട്. 

സഹകരണ സംഘങ്ങളിലെ ഓഡിറ്റ് പരിശോധന കാലങ്ങളായി ഒരു ഓഡിറ്ററിന്റെ മാത്രം ചുമതലയായി തുടരുന്നതാണ് അഴിമതികൾ വ്യാപകമാകാൻ കാരണമെന്നു കണ്ടെത്തി സർക്കാർ തീരുമാനപ്രകാരമാണു ടീം ഓഡിറ്റ് ആരംഭിച്ചത്. 3 പേർ ഉൾപ്പെട്ട ടീമുകളായി പരിശോധനാ സംഘത്തെ തിരിച്ച ശേഷം ഓഡിറ്റ് നടത്തുന്നതു ഫലപ്രദമാണെന്നു കണ്ടെത്തുകയും ചെയ്തു.

എന്നാൽ, തട്ടിപ്പുകൾ കയ്യോടെ പിടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു ടീം ഓഡിറ്റ് പൊളിക്കാൻ അണിയറനീക്കങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഓഡിറ്റ് ടീമുകളുടെ പട്ടിക പുറത്തിറക്കിയത്. പ്രവർത്തന മൂലധനം കൂടുതലുള്ള ബാങ്കുകൾ ഓഡിറ്റ് ചെയ്യേണ്ട ടീമുകൾക്കാണ് എണ്ണം കുറച്ചു നൽകിയതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും 98 സഹകരണ സംഘങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട ടീം 8 മാസത്തിനകം ഇവിടങ്ങളിലെല്ലാം പരിശോധന നടത്തി എങ്ങനെ റിപ്പോർട്ട് സമർപ്പിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. 

തിരുവനന്തപുരം ജില്ല എങ്ങനെ ടീം ഓഡിറ്റിൽ നിന്നൊഴിവായി എന്ന ചോദ്യത്തിനും ഉത്തരമില്ല. ഭരണാനുകൂല സംഘടനകളുടെ സ്വാധീനത്തിനു വഴങ്ങി പഴയ ഓഡിറ്റ് സംവിധാനത്തിൽ തുടരാൻ അധികൃതർ നിർബന്ധിതരായെന്നാണു സൂചന. ടീം ഓഡിറ്റ് സംവിധാനത്തിലാകെ താളപ്പിഴകളാണെന്ന വിലയിരുത്തലിലേക്കെത്തിക്കാനും അതുവഴി പഴയ തട്ടിക്കൂട്ട് സംവിധാനം തുടരാനുമാണു നീക്കം. ശാസ്ത്രീയമായി ടീം ഓഡിറ്റ് നടപ്പാക്കാൻ വകുപ്പു തയാറാകുന്നുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com