ADVERTISEMENT

കുറ്റൂർ ∙ കോഴിക്കട നടത്തിപ്പുമായി ബന്ധപ്പെട്ടു കോലഴി പഞ്ചായത്ത് അധികൃതരും ഉടമയും തമ്മിൽ തുടരുന്ന തർക്കവും നിയമ പോരാട്ടവും അൻപതോളം കോഴികളുടെ ജീവൻ അപകടത്തിലാക്കി. അനധികൃതമായി കട തുറക്കുന്നതായി ആരോപിച്ച്  അധികൃതർ ചൊവ്വാഴ്ച വൈകിട്ട് കട അടച്ചുപൂട്ടി മുദ്രവച്ചിരുന്നു. ചിക്കൻ സെന്റർ ഉടമ മണികണ്ഠനെതിരായ പഞ്ചായത്ത് നടപടിയിൽ കടയ്ക്കുള്ളിൽ കുടുങ്ങിയ കോഴികൾക്കു വെള്ളവും തീറ്റയും  നൽകാനായിരുന്നില്ല. കോഴികൾക്ക് തീറ്റ നൽകുന്നതിനോ  കോഴികളെ പുറത്തേക്ക് നീക്കം ചെയ്യുന്നതിനോ അനുവദിക്കാതെയായിരുന്നു അധികൃതരുടെ നടപടി.  

 ഉടമ മണികണ്ഠൻ പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷിച്ച് ഒരു മാസം പിന്നിട്ടു. ഹെൽത്ത് ഇൻസ്പെക്ടർ കട അടപ്പിച്ചതിനെ തുടർന്ന് മണികണ്ഠനും ഭാര്യയും ആരോഗ്യ കേന്ദ്രത്തിലെത്തി കഴിഞ്ഞമാസം ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഡിഎംഒ ഓഫിസ് ഇടപെട്ട് കടയിൽ നിർദേശിക്കുന്ന ക്രമീകരണങ്ങൾ വരുത്തി അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പഞ്ചായത്ത് ലൈസൻസ് അനുവദിച്ചില്ല.  

ഇതു വൈകുന്നതിനാൽ  ജില്ലാ വ്യവസായ കേന്ദ്രം അനുവദിച്ച ലൈസൻസ് ഉപയോഗിച്ചാണു കട വീണ്ടും തുറന്നു പ്രവർത്തിച്ചിരുന്നത്. ഈ ലൈസൻസിലെ വ്യവസ്ഥകൾ ലംഘിച്ച് കച്ചവടം നടത്തുന്നു എന്ന് ആരോപിച്ചാണ് പഞ്ചായത്ത് അധികൃതർ കടപൂട്ടിയത്. സംഭവം വാർത്തയായതോടെ വൈകിട്ട് 6.30ന് പഞ്ചായത്ത് അധികൃതർ കടയിലെത്തി ഉടമയുടെ അസാന്നിധ്യത്തിൽ സീൽ ചെയ്ത ഷട്ടർ തുറന്ന് കോഴികളെ നീക്കം ചെയ്തു. കോഴികൾ മിക്കവയും മൃതപ്രായമായ നിലയിലായിരുന്നു. പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതു ചോദ്യം ചെയ്ത് മണികണ്ഠൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com