‘നവകേരള’ കത്തുമായെത്തിയ ആളെ ബാങ്ക് മാനേജർ അപമാനിച്ചെന്നു പരാതി
Mail This Article
പഴയന്നൂർ ∙ നവകേരള സദസ്സിൽ നിവേദനം നൽകിയതിനെ തുടർന്നു ലഭിച്ച കത്തുമായി കേരള ബാങ്ക് ശാഖയിൽ ചെന്നയാളെ ബാങ്ക് മാനേജർ അപമാനിച്ചതായി പരാതി. കുമ്പളക്കോട് അളിഞ്ഞോട്ടിൽ സുധ ശശിയാണ് ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, സഹകരണ മന്ത്രി, കേരള ബാങ്ക് ചെയർമാൻ എന്നിവർക്കു പരാതി നൽകിയത്. വായ്പാ കുടിശിക അടയ്ക്കുന്നതിൽ ഇളവു ലഭിക്കുന്നതിനാണു സുധ ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സിൽ നിവേദനം നൽകിയത്.
നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാങ്കിൽ ചെന്ന് ഇളവുകളോടെ തുക അടയ്ക്കാമെന്നു കേരള ബാങ്ക് ഡപ്യൂട്ടി റജിസ്ട്രാർ ഓഫിസിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച കത്തുമായി ചെന്ന ഭർത്താവ് ശശിയെ അപമാനിച്ചെന്നാണു പരാതി.ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും വായ്പ തിരിച്ചടവു സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുക മാത്രമാണുണ്ടായതെന്നും ബാങ്ക് മാനേജർ പറഞ്ഞു.